SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

പുസ്തകത്തോടൊപ്പം കൃഷിപാഠങ്ങളും; പാലക്കാട് 25 സ്കൂളിൽ കതിര് കാർഷിക ക്ലബ്

kathir
കതിര് കാർഷിക ക്ലബ് മാത്തൂർ വെസ്റ്റ് എ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൾ ഖാദർ നിലമൊരുക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥികളിൽ കാർഷികാവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'കതിര് " കാർഷിക ക്ലബ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് പാലക്കാട് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ തുടക്കമായി. ഭക്ഷ്യദിനത്തോടനുബന്ധിച്ച് പയ്യനെടം എ.യു.പി സ്‌കൂൾ, മാത്തൂർ വെസ്റ്റ് എ.എൽ.പി സ്‌കൂൾ, ഷൊർണൂർ കെ.വി.ആർ.എച്ച്.എസ്, മലമ്പുഴ ആശ്രമം ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കാർഷിക വികസനകർഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി രൂപീകരിക്കുന്ന വിദ്യാർത്ഥി കാർഷിക ക്ലബാണ് കതിര് അഥവാ കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർ സ്റ്റാൻഡിംഗ്. സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ജില്ലയിൽ 25 സ്‌കൂളുകളിലും. കുറഞ്ഞത് 10 സെന്റ് സ്ഥലമുള്ള സ്‌കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബിൽ 20 മുതൽ 25 വരെ വിദ്യാർത്ഥികൾ അംഗങ്ങളാകും.ഒരു അദ്ധ്യാപകനെയും ഒരു വിദ്യാർത്ഥിയെയും നോഡൽ ഓഫീസർമാരായി നിയമിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി നിരീക്ഷണസമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥികൾ കൃഷി ചെയ്ത വിഷമില്ലാത്ത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വാട്സ്ആപ് വഴി മിനി മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കും. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് കാർഷിക ക്ലബുകൾ പ്രവർത്തിക്കുന്നത്.

മാത്തൂർ വെസ്റ്റ് എ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൾ ഖാദർ നിലമൊരുക്കൽ ഉദ്ഘാടനം ചെയ്തു. ഷൊർണൂർ കെ.വി.ആർ.എച്ച്.എസിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിർമലയും പയ്യനെടം എ.യു.പി സ്‌കൂളിൽ വാർഡ് മെമ്പർ മണികണ്ഠൻ മൺറോട്ടിലും മലമ്പുഴ ആശ്രമം ഹൈസ്‌കൂളിൽ അദ്ധ്യാപിക സുബിതയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL