ചിറ്റൂർ: മഴക്കുറവും തുടർന്നുണ്ടായ കനത്ത വേനലും കാരണം അനുഭവപ്പെട്ട കാലാവസ്ഥ വ്യതിയാനം ചിറ്റൂർ മേഖലയിലെ തെങ്ങ് കൃഷിയേയും സാരമായി ബാധിച്ചു തുടങ്ങി. ഇടക്കാലത്ത് നാളികേരത്തിന് വില കൂടുതൽ ലഭിച്ചെങ്കിലും നാളികേരം ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടായത് തിരിച്ചടിയായി. ഉല്പാദനക്കുറവ് മാത്രമല്ല വെള്ളക്കുറവ് വിളവെടുത്ത നാളികേരത്തിന്റെ വലുപ്പത്തേയും ബാധിച്ചു.
നഷ്ടം കർഷകർക്ക്
സാധാരണ ഒരു ലോഡ് (2500 എണ്ണം ) നാളികേരം എണ്ണുമ്പോൾ 100-150 നാളികേരം ചെറുതായിരിക്കും. ഇത്തരം വലുപ്പം കുറഞ്ഞ രണ്ട് നാളികേരത്തിന് ഒരെണ്ണത്തിന്റെ വിലയാണ് വ്യാപാരികൾ നൽകുന്നത്. എന്നാൽ ഇപ്പോൾ 1000 നാളികേരത്തിന് 250 മുതൽ 300 വരെ വലുപ്പം കുറഞ്ഞ ചെറിയ നാളികേരമാണ് ലഭിക്കുന്നത്. ഇതിൽ 150 ഓളം നാളികേരം മാത്രം രണ്ടിന് ഒന്ന് എന്ന കണക്കിൽ എണ്ണിയെടുക്കും. ബാക്കിയുള്ളത് വ്യാപാരികൾ വേണ്ടെന്നു പറയുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ കിഴക്കൻ കാലവർഷ കുറവും തുലാവർഷത്തിന്റെ കുറവും മൂലം ഉണ്ടായ കനത്ത വേനലും ചൂടുമാണ് വിളവിനെ വലിയ രീതിയിൽ ബാധിച്ചത്. മഴ കുറവു കാരണം ഭൂരിപക്ഷം തെങ്ങുകൃഷിക്കാർക്കും സമയത്തിന് വളപ്രയോഗം നടത്താൻ കഴിഞ്ഞിട്ടില്ല. വളപ്രയോഗം നടത്തിയ തെങ്ങുകൾക്ക് വേണ്ടത്ര നനവും ലഭിച്ചില്ല. ഭൂരിഭാഗം കർഷകരുടെയും സ്വന്തം കവലകിണറുകളിൽ ചെളിനിറഞ്ഞു കിടക്കുന്നതിനാൽ അതിൽ നിന്നുള്ള വെള്ളവും ആവശ്യത്തിനു ലഭ്യമല്ലാതായി. എല്ലാ കർഷകരുടെയും കവല കിണറുകൾ ചെളി എടുത്ത് ആഴപ്പെടുത്തി ജലസംഭരണം വർദ്ധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തികൾ നടത്തണമെന്ന ആവശ്യം ഉയർന്നു. ഇത്തരം പ്രവർത്തികൾ നടത്തിയാൽ വരാനിരിക്കുന്ന കടുത്ത വരൾച്ച കെടുതികളെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |