SignIn
Kerala Kaumudi Online
Thursday, 29 October 2026 4.05 AM IST

മലബാർ സിമന്റ്സിലെ കല്ല് വിൽപ്പന ലാഭകരം, വിൽപ്പന തുടരും

stones
മലബാർ സിമന്റ്സിലെ കല്ല്

വാളയാർ: സിമിന്റ് വിപണിയിലെ കിടമത്സരം മൂലം പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന് ആശ്വാസമായി കല്ല് വിൽപ്പന. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കല്ല് വിൽപ്പനയിലൂടെ വലിയ ലാഭമാണ് നേടാനായത്. വലിയ കല്ലുകളും പൊടിച്ച കല്ലുകളും പ്രത്യേകമായാണ് വിൽപ്പന നടത്തുന്നത്. സ്ഥാപനം നഷ്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ ഭരണസമിതി കല്ലുകളും പൊടിച്ച കല്ലുകളും വിൽക്കാൻ തീരുമാനിച്ചത്. ഖനന പ്രക്രിയകൾക്കിടയിൽ അവശേഷിക്കുന്ന കല്ലുകളും പൊടിച്ച കല്ലുകളും 2023-24 കാലയളവിലാണ് വിൽപ്പന നടത്താൻ തുടങ്ങിയത്. ജീവനക്കാരുടെ ശമ്പളം മുടങ്ങാതെയും പ്രവർത്തനം നിറുത്തി വെക്കേണ്ടി വരാതെയും കമ്പനിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞത് കല്ല് വിൽപ്പനയുടെ വരുമാനം കൊണ്ട് മാത്രമായിരുന്നു.

 ഗുണമേന്മയുള്ള കല്ല്
കമ്പനിയുടെ തുടക്കം മുതൽ സിമന്റ് നിർമ്മാണത്തിന് ആവശ്യമായ ചുണ്ണാമ്പ് കല്ലുകൾ മാത്രമാണ് ഖനനം ചെയ്തിരുന്നത്. ഈ ഖനനത്തിനിടയിൽ കാണപ്പെടുന്ന പാറകളും കല്ലുകളും വലിയ തോതിൽ കുന്നു കൂടാൻ തുടങ്ങി. ഇവ വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കാൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. സർക്കാർ അനുമതിയും നേടി. വാളയാർ പ്ലാന്റിലും മൈൻ സൈറ്റിലുമായി കെട്ടിക്കിടന്ന ലക്ഷക്കണക്കിന് ടൺ കല്ലുകളാണ് ഇതിനകം കരാറുകാർക്കും കമ്പനികൾക്കും സ്വകാര്യ വ്യക്തികൾക്കുമായി വിറ്റഴിച്ചത്. ഇപ്പോൾ വിൽപ്പനക്കായി 32 ലക്ഷം ടൺ കല്ലുകളും പൊടിച്ച കല്ലുകളും മലബാർ സിമന്റ്സിൽ സ്റ്റോക് ചെയ്തിട്ടുണ്ട്. വാളയാർ പ്ലാന്റിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഒരു ടൺ കല്ലിന് 460 രൂപയാണ് വില. ഇതിന് പുറമെ ജി.എസ്.ടി തുക കല്ല് വാങ്ങുന്നവർ അടക്കണം. വൻകിട ആവശ്യക്കാർക്ക് ബൾക്കായും ചെറുകിടക്കാർക്ക് റീട്ടെയ്ൽ ആയും നൽകുന്നുണ്ട്. സ്വകാര്യ ക്വാറി ഉൽപ്പന്നങ്ങളെക്കാൾ വില കുറവ്. സിമന്റ് ഉദ്പാദനത്തിനായി ഖനനം ചെയ്യുന്ന പാറകളിൽ നിന്നുള്ള ഉപോൽപ്പന്നമായതിനാൽ ഉയർന്ന ഗുണമേന്മയുണ്ട്. പൊതുമേഖലാ സ്ഥാപനമായതിനാൽ അളവിലും ബില്ലിങ്ങിലും കൃത്രിമം ഉണ്ടാവില്ലെന്ന വിശ്വാസ്യതയും ഉപഭോക്താക്കളെ ആകർഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALABARCEMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL