പാലക്കാട്: രണ്ടാംവിള നെൽക്കൃഷിക്ക് ജലലഭ്യത വെല്ലുവിളിയാകുമെന്ന് കൃഷി, ജലസേചന വകുപ്പുകളുടെ മുന്നറിയിപ്പ്. തുലാമഴ പെയ്യുന്നുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ ആവശ്യമായ മഴ ലഭിച്ചിട്ടില്ല. ഇപ്പോൾ കൃഷിയിറക്കുന്ന നെല്ലിന് ജനുവരി 20 വരെയെങ്കിലും വെള്ളം ആവശ്യമായി വരും. ജലക്ഷാമ സാദ്ധ്യത കണക്കിലെടുത്ത് മൂപ്പുകുറഞ്ഞ നെൽവിത്തിനങ്ങൾ ഉപയോഗിക്കാനാണ് കൃഷിവകുപ്പിന്റെ ഉപദേശം. മട്ടത്രിവേണി, ഹ്രസ്വ, ജ്യോതി, കാഞ്ചന, പൗർണമി, മനുരത്ന, കുഞ്ഞുകുഞ്ഞുവർണ, എ.എസ്.ഡി-16, എ.ഡി.ടി-37, ടി.പി.എസ്-5 തുടങ്ങിയ ഇനങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഇവ ആവശ്യത്തിന് ലഭ്യമാക്കുന്നതും കർഷകർക്ക് വെല്ലുവിളിയാണ്. ജല-വിള കലണ്ടർ അനുസരിച്ച് കൃഷിയിറക്കിയാൽ വരൾച്ച രൂക്ഷമാകുന്നതിന് മുമ്പ് വിളവെടുക്കാൻ കഴിയുമെന്ന് കൃഷി ഓഫീസർമാർ ചൂണ്ടിക്കാട്ടുന്നു. ജലലഭ്യത കുറഞ്ഞ പാടങ്ങളിൽ നെല്ലിന് പകരം എള്ള്, പയർവർഗങ്ങൾ, ഉഴുന്ന്, മുതിര, ചെറുപയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യാനും നിർദേശമുണ്ട്. നെൽപ്പാടങ്ങളിൽ തുടർച്ചയായി വെള്ളം കെട്ടിനിറുത്തുന്ന പരമ്പരാഗത രീതിക്ക് പകരം ഇടവിട്ടുള്ള നനയ്ക്കൽ-ഉണക്കൽ ജലസേചന രീതി സ്വീകരിക്കാനും കൃഷിവകുപ്പ് ശുപാർശ ചെയ്യുന്നു. ഈ രീതിയിൽ ആവശ്യാനുസരണം വെള്ളം നനച്ചശേഷം പാടത്തെ ജലനിരപ്പ് താഴാൻ അനുവദിക്കും. മണ്ണ് ഉണങ്ങിയശേഷം വീണ്ടും ജലസേചനം നടത്തും. വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമുള്ള കർഷകർക്ക് ഈ രീതി പ്രയോജനപ്പെടുത്താം. വിത കഴിഞ്ഞ് 20- 45 ദിവസം വരെ ഇടവിട്ടുള്ള ജലസേചനം നൽകുന്നത് കളശല്യം കുറയ്ക്കാനും നെൽച്ചെടികളിൽ കൂടുതൽ ചിനപ്പുകൾ ഉണ്ടാകാനും സഹായിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ.
ഡാമുകളിൽ വെള്ളം പരിമിതം
രണ്ടാംവിള കൃഷിക്കായി മലമ്പുഴ, പോത്തുണ്ടി, ചേരാമംഗലം, മംഗലം ജലസേചന പദ്ധതികളുടെ കനാലുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നവംബർ 11-ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ പദ്ധതി ഉപദേശകസമിതി യോഗം ചേരും. സാധാരണയായി രണ്ടാംവിളയ്ക്ക് 90 ദിവസമെങ്കിലും കനാൽവെള്ളം ലഭ്യമാക്കാറുണ്ട്. എന്നാൽ ഇത്തവണ മലമ്പുഴ, പോത്തുണ്ടി ഡാമുകളിൽ അതിന്റെ പകുതി ദിവസത്തേക്ക് ആവശ്യമായ വെള്ളം മാത്രമേയുള്ളൂവെന്നാണ് വിലയിരുത്തൽ. കുടിവെള്ള ആവശ്യത്തിനായി മാറ്റിവയ്ക്കേണ്ട കരുതൽശേഖരം കണക്കാക്കിയശേഷം കൃഷിക്കായി എത്ര വെള്ളം ലഭ്യമാക്കാനാകുമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും. ഡാമുകൾ എത്ര ദിവസം തുറന്ന് കനാലുകളിലേക്ക് വെള്ളം ഒഴുക്കാനാകുമെന്നതും ചർച്ച ചെയ്യും. ഈ തീരുമാനത്തിന് ശേഷമേ കാർഷിക കലണ്ടർ അനുസരിച്ച് രണ്ടാംവിള കൃഷി ക്രമീകരിക്കാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |