പാലക്കാട്: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയുടെ റാബി ഒന്നാം സീസണിലേക്കുള്ള രജിസ്‌ട്രേഷൻ പോർട്ടൽ അടച്ചതോടെ നിരവധി കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയിൽ ചേരാനായില്ല. സംസ്ഥാനത്ത് സാധാരണയായി 60,000ത്തോളം കർഷകർ രജിസ്റ്റർ ചെയ്യാറുള്ള സ്ഥാനത്ത് ഇത്തവണ 24,460 പേർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാനായത്. ഒക്ടോബർ 28നാണ് രജിസ്‌ട്രേഷനായി പോർട്ടൽ തുറന്നത്. ഒക്ടോബർ 31ന് അടയ്ക്കുകയും ചെയ്തു. രജിസ്‌ട്രേഷനായി മൂന്നു ദിവസം മാത്രം അനുവദിച്ചതാണ് കർഷകരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം. സാധാരണയായി അപേക്ഷിക്കാൻ ഒരു മാസത്തോളം സമയം ലഭിക്കാറുണ്ട്. കൂടുതൽ കർഷകർക്ക് അവസരം ലഭിക്കുന്നതിനായി പോർട്ടൽ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ കർഷകർക്ക് പദ്ധതിയിൽ ചേരാൻ പോർട്ടൽ വീണ്ടും തുറക്കണമെന്ന് അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടിയാൽ കൂടുതൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ബാങ്കുകൾ വഴി ഈ മാസം 15 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെങ്കിലും വായ്പയെടുത്ത കർഷകർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അതിനാൽ വായ്പയെടുക്കാത്ത കർഷകർക്ക് പോർട്ടൽ വീണ്ടും തുറന്നാൽ മാത്രമേ പദ്ധതിയിൽ ചേരാൻ കഴിയൂ. റാബി ഒന്നാം സീസണിൽ നെല്ലിനും പച്ചക്കറികൾക്കുമാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. ഹെക്ടറിന് നെല്ലിന് 80,000 രൂപയും പച്ചക്കറികൾക്ക് 40,000 രൂപയുമാണ് ഇൻഷ്വറൻസ് പരിരക്ഷ. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതികൂല കാലാവസ്ഥയും മൂലം കൃഷിക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളിൽ കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |