
പത്തനംതിട്ട : ജില്ലയിലെ മണ്ണ് ജലം ആഴ്ന്നിറങ്ങുന്നതും മണലിന്റെ അംശം കൂടുതലുള്ളതുമാണെന്ന് പഠന റിപ്പോർട്ട്. ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയമാണ് മണ്ണിന്റെ ജലചാലകതയും ജലാഗിരണ ശേഷിയും സംബന്ധിച്ച് പഠനം നടത്തിയത്. കൃഷിയുടെ ജലസേചന ക്രമീകരണത്തിന് സഹായിക്കുന്നതാണ് മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ വി.ജസറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി മുപ്പത് മണ്ണ് ശ്രേണികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 20ശ്രേണികളിലും മണ്ണിൽ മണലിന്റെ അംശവും വെളളം ആഴ്ന്നിറങ്ങുന്ന ജലചാലകതയും കൂടുതലാണ്. ഏഴ് ശ്രേണികളിൽ ഇടത്തരം ജലചാലകതയും രണ്ടിൽ കുറവുമാണ്.
കൃഷി ചെയ്യുമ്പോൾ മണ്ണിൽ ജലത്തിന്റെ തോത് എത്രത്തോളം വേണമെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാം. ജലചാലകത കുറവുള്ള പ്രദേശങ്ങൾ ആവരണവിളയായ പയറുവർഗങ്ങൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കളിമണ്ണിന്റെ അംശംകൂടുതലുള്ള പ്രദേശങ്ങളിൽ ജലചാലകത കുറവായി കണക്കാക്കാം.
മണൽ അംശം കൂടുതലുള്ള ശ്രേണികൾ
കൊടുമുടി, ഏറത്ത്, കുമരംപേരൂർ, നെടുമ്പാറ, പൂവൻപാറ, ഉൗട്ടുപാറ, ഗൂഡ്രിക്കൽ, കോന്നി, മൂഴിയാർ, പെരുവേലിക്കര, ഏഴംകുളം, പെരിങ്ങനാട്, മാന്നാർ, മെഴുവേലി, വേങ്ങൽ, അയിരൂർ, കവിയൂർ, കൊടുമൺ, അടൂർ, ഇടവനശേരി.
ഇടത്തരം ശ്രേണികൾ
ചേത്തയ്ക്കൽ, നെടുമ്പ്രം, കല്ലൂപ്പാറ, പുത്തൻപീടിക, ചിറ്റാർ, മുത്തൂർ, മെഴുവേലി, കൊല്ലം- പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ ഭരണിക്കാവ്, ശൂരനാട്.
കുറഞ്ഞ ശ്രേണികൾ
മല്ലശേരി, ഐരവൺ.
കൃഷി ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും റിപ്പോർട്ട് പ്രയോജനപ്പെടും.
വി.ജസ്റ്റിൻ, മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ
>>>>>>>>>>>
സോയിൽ മാപ്പിംഗ് ആദ്യഘട്ടം പൂർത്തിയായി
മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ചരിവ്, ഭൗതിക പ്രത്യേകതകൾ എന്നിവ പരിശോധിച്ച് തയ്യാറാക്കുന്ന മണ്ണ് ഭൂവിഭവ മാപ്പ് തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ സോയിൽ മാപ്പിംഗ് കൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |