പുല്ലാട്: ഷിഗെല്ലാ രോഗഭീതി നിലനിൽക്കുമ്പോൾ ജനത്തിരക്കേറിയ പുല്ലാട് ജംഗ്ഷന് സമീപത്തെ ചെറുതോട് മാലിന്യം കൊണ്ട് നിറഞ്ഞു. മലിനജലത്തിൽ നിന്ന് ഷിഗെല്ല പടരാൻ സാദ്ധ്യതയേറെയെന്ന് ആരോഗ്യ വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കോയിപ്രം പഞ്ചായത്തിന്റെ ഭാഗമായ പുല്ലാട്ട് ശുചീകരണത്തിന് അധികൃതർ ശ്രദ്ധ കൊടുക്കുന്നില്ല. കാലായി ഭാഗത്തുനിന്ന് തുടങ്ങി കോയിപ്രം പൊലീസ് സ്റ്റേഷന് സമീപത്തെ പാടത്താണ് തോട് അവസാനിക്കുന്നത്.
പുല്ലാട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് അടിയിൽ കൂടി ഒഴുകുന്ന തോട്ടിൽ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ കുമിഞ്ഞുകൂടിയിട്ട് മാസങ്ങളായി. തോട് മുഴുവൻ കാടുപിടിച്ച് വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. നാട്ടുകാരും വ്യാപാരികളും പലതവണ പഞ്ചായത്തിന് പരാതി നൽകിയിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല.
ഇതുവഴി ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ തോട് അടഞ്ഞ് വെള്ളക്കെട്ട് ഉണ്ടാകാനും കൊതുക്, എലിപ്പനി, പകർച്ചവ്യാധികൾ പടരാനും സാദ്ധ്യതയുണ്ട്.
കൈയേറ്റം വ്യാപകം
തോട്ടിൽ വ്യാപക കൈയേറ്റമുണ്ട്. അഞ്ച് അടിയിലേറെ വീതിയുണ്ടായിരുന്ന തോട്ടിൽ പല ഭാഗത്തും രണ്ട് അടി മാത്രമേയുള്ളൂ. മാലിന്യം കെട്ടിക്കിടക്കുന്ന തോട്ടിൽ മഴ ശക്തമാകുമ്പോൾ വെള്ളം റോഡിലേക്ക് ഒഴുകി വരയന്നൂർ ഭാഗം വരെ പരന്നുകിടക്കും.
ശുചീകരിക്കാൻ ഫണ്ടില്ലെന്ന് പഞ്ചായത്ത്
തോട് ശുചീകരിക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് പഞ്ചായത്ത് അധികൃതർ. തോട് മലിനമാക്കുന്നതിൽ നാട്ടുകാർക്കും പങ്കുണ്ടെന്നാണ് പഞ്ചായത്തിന്റെ വാദം. തനതു ഫണ്ടുപയോഗിച്ചായാലും തദ്ദേശ സ്ഥാപനങ്ങളിൽ ശുചീകരണം നടത്തണമെന്ന് മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.
തോട് അടിയന്തരമായി ശുചീകരിക്കണം. മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |