
തിരുവല്ല : പോളയും പായലും നിറഞ്ഞ നാട്ടുകടവ് തോട് ശുചീകരിച്ചപ്പോൾ
കിഴക്കൻ മുത്തൂർ - മനയ്ക്കച്ചിറ റോഡിലെ യാത്രക്കാർക്ക് ഭീഷണിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചില സ്വകാര്യ വ്യക്തികൾ ചേർന്ന് തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ വാരിക്കൂട്ടി റോഡരികിൽ തള്ളുകയായിരുന്നു. ഇവ നീക്കം ചെയ്യാതിരുന്നതോടെ മാലിന്യത്തിന് മുകളിലൂടെ കാടും പുല്ലും വളർന്ന് റോഡിലൂടെ എത്തുന്ന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന വിധമായി. നാട്ടുകടവ് പാലത്തിന്റെ സമീപത്ത് മുതൽ 15 മീറ്ററിലധികം ദൂരത്തിൽ ഇങ്ങനെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുയാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് മുകളിൽ കാടുവളർന്ന് മൂടിയതോടെ യാത്രക്കാർക്ക് ഭീഷണിയായി. അടുത്തകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡരുകിലാണ് മാലിന്യങ്ങൾ തള്ളിയത്.
മഴക്കാലത്ത് മാലിന്യക്കൂമ്പാരങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും കൊതുക് ശല്യം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് കിഴക്കൻ മുത്തൂർ പാടശേഖരസമിതി അംഗങ്ങൾ പരാതി നൽകി. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡായതിനാൽ നടപടിയെടുക്കാതെ നഗരസഭാ കൈയൊഴിഞ്ഞു.
അപകട ഭീഷണി
മാലിന്യക്കൂനകൾ ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രികർക്കുമാണ് ഏറെ ഭീഷണിയാകുന്നത്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ ദൂരത്തുനിന്ന് കാണാനാകുന്നില്ലെന്നും രാത്രികാലത്ത് സ്ഥിതി കൂടുതൽ അപകടകരമാകുമെന്നും യാത്രക്കാർ പറഞ്ഞു.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോകാനും ഇടമില്ല. ഒതുങ്ങിനിൽക്കാനുള്ള ഭാഗത്തും മാലിന്യങ്ങൾ തള്ളിരിക്കുന്നതിനാൽ ഗതാഗതസുരക്ഷയെ ബാധിക്കുന്നു.
റോഡരുകിൽ മാലിന്യങ്ങൾ തള്ളിയ വ്യക്തികളെ കണ്ടെത്തി നീക്കം ചെയ്യാൻ ആവശ്യപ്പെടും.
(കിഴക്കൻ മുത്തൂർ പാടശേഖരസമിതി അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |