
പത്തനംതിട്ട : തീപിടിത്തങ്ങൾ പതിവായ പ്രമാടം പൂങ്കാവിലെ വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന നടത്തും. രണ്ട് മാസത്തിനുള്ളിൽ രണ്ടുവലിയ തീപിടിത്തങ്ങളും ഒരു വർഷത്തിനിടെ നിരവധി ചെറിയ തീപിടിത്തങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ഫയർ ഫോഴ്സിന്റെയും കെ.എസ്.ഇ.ബിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തുന്നത്.
കഴിഞ്ഞ മാസം പൂങ്കാവ് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ തീപിടിത്തമുണ്ടായി നിരവധി ഫയലുകൾ കത്തി നശിച്ചിരുന്നു. എസ്.ബി.ഐയുടെ പ്രമാടം പഞ്ചായത്തിലെ പ്രധാന ശാഖയാണിത്.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബോർമ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ബേക്കറിയിൽ തീപിടിത്തമുണ്ടായത്. നേരത്തെയും നിരവധി ചെറിയ തീപിടിത്തങ്ങൾ പൂങ്കാവിൽ ഉണ്ടായിട്ടിണ്ട്. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങൾക്ക് പോലും മതിയായ സുരക്ഷാ സർട്ടിഫിക്കേറ്റുകളില്ലെന്ന് ഫയർ ഫോഴ്സിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അത്ര സുരക്ഷിതമല്ല
ഗ്രാമപ്രദേശമായതിനാൽ പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് മാത്രമാണ് നിരവധി പാചകവാതക സിലിണ്ടറുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന ഹോട്ടലുകൾക്ക് ഉൾപ്പടെയുള്ളത്. വൈദ്യുതി ഉപയോഗിച്ച് ചൈനീസ്, ഈസ്റ്റേൺ, വെസ്റ്റേൺ ഭക്ഷണങ്ങൾ തയ്യാറാക്കി വിൽക്കുന്ന കടകളുമുണ്ട്. ഇതിൽ ഭൂരിഭാഗവും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളാണ്. നാമമാത്രമായ ബഹുനില കെട്ടിടങ്ങൾക്ക് മാത്രമാണ് ഫയർ സർട്ടിഫിക്കേറ്റ് ഉള്ളത്. ഈ കെട്ടിടങ്ങളിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. എസ്.ബി.ഐ ശാഖയിൽ തീപിടിത്തമുണ്ടായപ്പോൾ ഫയർ അലാറം മുഴങ്ങുകയോ തീ അണയ്ക്കേണ്ട ഓട്ടോമാറ്റിക് വാട്ടർ സ്പ്രയിംഗ് സിസ്റ്റം പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ ബേക്കറിയിൽ ഇത്തരം സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |