
പത്തനംതിട്ട : കേരള കർഷകസംഘം ജില്ലാസമ്മേളനത്തിന് ഓമല്ലൂരിൽ തുടക്കം. ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്ക് ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. അഡ്വ.ആർ.ബി.രാജീവ്‌കുമാർ രക്തസാക്ഷി പ്രമേയവും അഡ്വ.സുഭാഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിയ്‌ക്കൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എം.വി.സഞ്‌ജു സ്വാഗതം പറഞ്ഞു.
കർഷകസംഘം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 300 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതു ചർച്ചയിൽ സംസ്ഥാന നേതാക്കളായ എം.പ്രകാശൻ, എ.സി.മൊയ്‌തീൻ, അഡ്വ.ഓമല്ലൂർ ശങ്കരൻ, പി.എം.ഇസ്‌മയിൽ, പ്രൊഫ.എം.ടി.ജോസഫ്, വത്സല മോഹൻ, ഷെയ്‌ക് പി. ഹാരീസ് എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ പൊതുചർച്ച തുടർച്ചയോടെ സമ്മേളനം ആരംഭിക്കും.
വൈകിട്ട് നാലിന് അമ്പലം ജംഗ്ഷനിൽ നിന്ന് കർഷകറാലി ആരംഭിക്കും. ചന്ത മൈതാനിയിൽ പൊതുസമ്മേളനം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
രാസവള വിലവർദ്ധന പിൻവലിക്കണം
രാസവളങ്ങളുടെ വിലവർദ്ധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾമൂലം കേരളത്തിലെ കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. ഫാക്‌ടംപോസിന് 2024 ജനുവരിയിൽ 1,475 ആയിരുന്നു വില. ഇന്ന് 2,150 രൂപയായി ഉയർന്നിരിക്കുകയാണ്. പൊട്ടാഷിന്റെ വില 1,800 രൂപയിൽനിന്ന് 2,200 ആയി വർദ്ധിപ്പിച്ചു.
രാസവളങ്ങൾ ‘അഗ്രിസ്‌റ്റാറ്റ്’ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്‌ത് വേണം വാങ്ങാൻ. ഇത് പാട്ടകൃഷിക്കാരെയും സാധാരണ കൃഷിക്കാരെയും സാരമായി ബാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |