SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ഇന്റർനെറ്റ് കണക്ഷന് സർക്കാർ ബില്ലടയ്ക്കില്ല, സ്കൂളുകളിൽ കെ ഫോൺ കട്ട് !

k-phone

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ കെ ഫോൺ ഇന്റർനെറ്റ് കണക്ഷന് പണം ഈടാക്കാനുള്ള തീരുമാനം പൊതുവിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കി. ഇതുവരെ സ്കൂളുകൾക്ക് സൗജന്യമായിരുന്ന കെ ഫോൺ കണക്ഷന് സർക്കാരായിരുന്നു ബില്ല് അടച്ചിരുന്നത്. ഇനി സ്കൂളുകളോ തദ്ദേശ സ്ഥാപനങ്ങളോ പണമടയ്ക്കണം. ഇല്ലെങ്കിൽ ഇന്റർനെറ്റ് കട്ടാക്കും.

അത്യാവശ്യ കാര്യങ്ങൾക്ക് അദ്ധ്യാപകരുടെ ഫോണിലെ ഇന്റർനെറ്റാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സർക്കാരിന്റെ കെ ഫോൺ സൗജന്യമാണെന്ന് കരുതിയാണ് പല സ്കൂളുകളും കണക്ഷൻ എടുത്തത്. ഇന്റർനെറ്റിന്റെ സ്പീഡ് അനുസരിച്ച് വിവിധ പാക്കേജുകളിൽ ഉൾപ്പെടുത്തിയാണ് കണക്ഷൻ നൽകുന്നത്. ബി.പി.എൽ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങൾക്ക് മാത്രമാണ് സൗജന്യ കണക്ഷനെന്ന് കെ ഫോൺ അധികൃതർ പറയുന്നു. ബില്ല് അടയ്ക്കാത്ത സ്കൂളുകൾക്ക് കെ ഫോൺ അധികൃതർ കത്തു നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് തുടരണമോ വേണ്ടയോ എന്നും ചോദിച്ചിട്ടുണ്ട്. പലരും മറുപടി നൽകിയിട്ടില്ല.

കണക്ഷൻ ഉപേക്ഷിച്ചു

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കെ.ഫോൺ ഉപയോഗിച്ചതിന് ഇതിനകം പല സ്കൂളുകളിലും ബില്ല് ലഭിച്ചിട്ടുണ്ട്. പണം അടയ്ക്കാനില്ലാത്തതിനാൽ പലരും കെ ഫോൺ കണക്ഷനുകൾ ഉപേക്ഷിച്ചു. സർക്കാർ സ്കൂളുകളുടെ കെ ഫോൺ കണക്ഷൻ ബില്ല് അതാത് തദ്ദേശ സ്ഥാപനങ്ങൾ അടയ്ക്കണമെന്നാണ് പുതിയ നിർദേശം. നിലവിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ തദ്ദേശ സ്ഥാപനങ്ങൾ അടയ്ക്കുന്നുണ്ട്. ഇന്റർനെറ്റ് ബില്ല് കൂടി ഏറ്റെടുക്കാനാവില്ലെന്ന് പഞ്ചായത്തുകൾ സ്കൂൾ അധികൃതരെ അറിയിച്ചതിനാലാണ് കെ ഫോൺ ഉപേക്ഷിക്കുന്നത്.

ജില്ലയിലെ കെ ഫോൺ കണക്ഷനുകൾ : 5109

കെ ഫോൺ കണക്ഷനുകളുള്ള സ്കൂളുകൾ : 207

ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാണ് ഇന്റർനെറ്റ് സൗജന്യമായി നൽകുന്നത്. മറ്റുള്ളവർ ബില്ലടയ്ക്കണം.
കെ ഫോൺ അധികൃതർ

കെ ഫോൺ ഇന്റർനെറ്റിന് ബില്ലടയ്ക്കണമെന്ന നിർദേശം പ്രതിസന്ധിയുണ്ടാക്കും. അദ്ധ്യാപകർ സ്വന്തം ഫോണുകളിൽ നിന്നുള്ള നെറ്റാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പി.ചാന്ദിനി, എ.എച്ച്.പി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL