
റാന്നി: പ്രളയം വലിയ തോതിൽ നഷ്ടമുണ്ടാക്കിയ റാന്നിയിലെ വ്യാപാരികൾക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം ആശ്വാസമായി. റാന്നി എം.എസ് ഹയർസെക്കൻഡറി സ്കൂളിൽ നിവേദനങ്ങൾ സ്വീകരിക്കുന്നതിനിടെ, വ്യാപാരികൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം പ്രത്യേകം ചർച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൈയടികളോടെയാണ് സ്വീകരിച്ചത്. 2018ലെയും 19ലെയും പ്രളയത്തിൽ വ്യാപരികൾക്ക് വലിയ നഷ്ടമുണ്ടായെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിച്ചില്ല. അന്ന് ലക്ഷങ്ങൾ നഷ്ടമായ വ്യാപാരികൾ സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിച്ച് കടകൾ തുറക്കാതെ കാത്തിരുന്നു. ഒടുവിൽ, നിരാശരായി കടകൾ സ്വന്തം ചെലവിൽ കഴുകി വൃത്തിയാക്കി. വായ്പയെടുത്തും കടം വാങ്ങിയും വീണ്ടും കച്ചവടം ആരംഭിച്ചു. എല്ലാം ശരിയായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ മിന്നൽ പ്രളയമുണ്ടായത്. ഒാണം വിപണി ലക്ഷ്യമാക്കി ഇറക്കിയ സാധനങ്ങൾ നനഞ്ഞ് നശിച്ചു. കടകളിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോയെങ്കിലും തുറന്നു പ്രവർത്തിക്കാൻ സാധനങ്ങില്ലാത്ത സ്ഥിതിയാണ്. ഇന്നലെ റാന്നിയിലെത്തിയ മുഖ്യമന്ത്രി വ്യാപാരികൾക്ക് ആത്മവിശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയത്.
പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിലാണ് റാന്നിയിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ജനങ്ങൾക്ക് അവസരമൊരുക്കിയത്. യോഗത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
♦ റാന്നിയിൽ 9.19 കോടിയുടെ നഷ്ടം
ഒറ്റ രാത്രിയിലെ മിന്നൽ പ്രളയത്തിൽ റാന്നിയിലെ നൂറോളം വ്യാപാരികൾക്കുണ്ടായ നഷ്ടം 9.19 കോടിയെന്നാണ് പ്രാഥമിക കണക്ക്. 98 വ്യാപാരികൾ തങ്ങളുടെ നഷ്ടക്കണക്ക് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റ് ഭാരവാഹികളായ സി.വി.മാത്യു, ഫലിപ്പ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ല. ഇത്തവണ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയുണ്ട്.
സി.വി.മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |