റാന്നി : ചെറിയ മഴ പെയ്താൽ പോലും ഒറ്റപ്പെടുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുരുമ്പൻമൂഴി പ്രദേശത്തെ യാത്രാദുരിതത്തിന് താത്കാലിക പരിഹാരം. മിന്നൽ പ്രളയത്തെ തുടർന്ന് കോസ്‌വേയിൽ അടിഞ്ഞുകൂടിയ മണലും മരത്തടികളും നീക്കം ചെയ്ത് യാത്ര പുനഃസ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ കോസ്‌വേയാണ് പ്രദേശവാസികളുടെ പുറംലോകത്തേക്കുള്ള പ്രധാന യാത്രാമാർഗം. എന്നാൽ ചെറിയ മഴയിൽ പോലും ഇത് വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മണലും മരത്തടികളും അടിഞ്ഞുകൂടി പ്രദേശവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് മറുകരയിലെത്താൻ പലപ്പോഴും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അലക്സ് നൽകിയ വിവരത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, വാർഡ് മെമ്പർ രവി എം.കെ.,പഞ്ചായത്ത് അംഗം ഏബ്രഹാം വർഗീസ് പ്രവർത്തനങ്ങൾക്ക് എന്നിവർ നേതൃത്വത്തിൽ ജോൺസൻ, ടോണി ജോർജ്, ശശി വർഗീസ്, ബിജു കന്നനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക കൂട്ടായ്മയാണ് ക്രോസ് വേയിലെ തടസങ്ങൾ നീക്കിയത്.
ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ
തടസങ്ങൾ നീക്കി താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇതൊരു സ്ഥിരപരിഹാരമല്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ അനുവദിച്ച സ്റ്റീൽ പാലത്തിന്റെ നിർമ്മാണവും നിലവിൽ പാതിവഴിയിലാണ് നിലനിൽക്കുന്നത്. കുരുമ്പൻമൂഴിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് അറുതി വരുത്താൻ അധികാരികൾ അടിയന്തരമായി ഇടപെട്ട് സ്ഥിരമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |