ചെങ്ങന്നൂർ: പ്രളയജലത്തിൽ പമ്പാനദിയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരക്കഷണങ്ങളും മുളകളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞുകൂടിയതോടെ പടിഞ്ഞാറൻ മേഖലയിലെ പള്ളിയോടങ്ങളുടെ യാത്ര പ്രതിസന്ധിയിൽ. ആറന്മുള വള്ളസദ്യ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പടിഞ്ഞാറൻ മേഖലയിൽ നിന്ന് ഒരു പള്ളിയോടം മാത്രമാണ് ആറന്മുളയിലെത്തിയത്. ആഗസ്ത് ഒന്നോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നതാണ് ആദ്യം പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമായത്. നിലവിൽ ജലനിരപ്പ് താഴ്ന്നെങ്കിലും പാലങ്ങളുടെ തൂണുകളിൽ കുരുങ്ങിക്കിടക്കുന്ന മരങ്ങളും മുളക്കൂട്ടങ്ങളും മാലിന്യങ്ങളുമാണ് പുതിയ പ്രതിസന്ധിയായിരിക്കുന്നത്. ആറന്മുള കിഴവറക്കടവ് മുതൽ പടിഞ്ഞാറ് കല്ലിശേരി വരെ പമ്പാനദിക്ക് കുറുകെ എട്ട് പാലങ്ങളാണുള്ളത്. ഇതിൽ ആറു പാലങ്ങളുടെ തൂണുകളിൽ മരങ്ങളും മുളകളും മാലിന്യങ്ങളും ഒഴുകിയെത്തിയ വസ്തുക്കളും വലിയ തോതിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ പതിനഞ്ചോളം പള്ളിയോടങ്ങളുണ്ട്. ഇതിൽ പത്തോളം പള്ളിയോടങ്ങൾ ഈ പാലങ്ങൾ കടന്നുവേണം ആറന്മുളയിലെത്താൻ. പാലത്തിന്റെ തൂണുകളിൽ കൂറ്റൻ മരങ്ങളും മുളകളും കുറുകെ കിടക്കുന്നതിനാൽ പള്ളിയോടങ്ങൾ കടന്നുപോകുന്നത് അപകടകരമാണ്. ജലത്തിന്റെ ഒഴുക്കിനും ശക്തിയേറിയിട്ടുണ്ട്. ഇത് പള്ളിയോടങ്ങളുടെ നിയന്ത്രണം ദുഷ്കരമാക്കും. തുഴഞ്ഞോ ബോട്ടിൽ കെട്ടിവലിച്ചോ പള്ളിയോടങ്ങൾ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മിത്രപ്പുഴക്കടവ് പാലം, അത്തിമൂട്–പുത്തൻകാവ് പാലം എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ അപകടകരമായ രീതിയിൽ തടസങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ നടന്ന വള്ളസദ്യയിൽ പങ്കെടുക്കാനിരുന്ന മുണ്ടൻകാവ്, മുതവഴി പള്ളിയോടങ്ങൾ യാത്ര ഉപേക്ഷിച്ച് പള്ളിയോടക്കടവിൽ ആചാരപരമായ ചടങ്ങുകൾ നടത്തിയ ശേഷമാണ് കരക്കാർ ആറന്മുളയിലെത്തി വള്ളസദ്യയിൽ പങ്കെടുത്തത്. പല കരകളും വള്ളസദ്യ മാറ്റിവച്ചിട്ടുണ്ട്. യന്ത്രസഹായമില്ലാതെ പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ തടസങ്ങൾ നീക്കം ചെയ്യാനാകാത്ത സാഹചര്യമാണ്. മേജർ ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ ചുമതല.
കളക്ടർ ഇടപെട്ടു
പടിഞ്ഞാറൻ മേഖലയിലെ പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമായി പമ്പയിലെ ഇറപ്പുഴ മുതൽ പുത്തൻകാവ് വരെയുള്ള വിവിധ പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ മുളകളും കൂറ്റൻ മരങ്ങളുടെ ഭാഗങ്ങളും മറ്റ് മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയർമാൻ എം.വി.ഗോപകുമാർ ആലപ്പുഴ ജില്ലാ കളക്ടർക്ക് നേരിട്ടും ജില്ലാ കളക്ടർക്കും ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്കും നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഉടൻ ബന്ധപ്പെടുകയും പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമായി നദിയിൽ കുടുങ്ങിക്കിടക്കുന്ന മരങ്ങളും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തതായി ചതയം ജലോത്സവ സാംസ്കാരിക സമിതി അറിയിച്ചു.
................................................................
പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(പള്ളിയോട സേവാസംഘം)
.......................................................
മാലിന്യം അടിഞ്ഞുകൂടിയത് 6 പാലങ്ങളിൽ
പടിഞ്ഞാറൻ മേഖലയിൽ 15 പള്ളിയോടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |