
പത്തനംതിട്ട: അപകടത്തിൽ അരയ്ക്ക് താഴെ തളർന്നിട്ടും ഹമീദുകുട്ടിയുടെ മണ്ണിലും മനസിലും പച്ചപ്പൊഴിഞ്ഞില്ല. തളരാത്ത മനസുമായി രണ്ടേക്കർ ഭൂമിയിൽ ഇൗ കർഷകൻ നിറയ്ക്കുന്നത് നൂറുമേനി വിളവാണ്. വലതുകൈയിൽ ഉൗന്നുവടിയും ഇടതുകൈയിൽ പണി ആയുധവുമായി ഹമീദ് പുലർച്ചെ ആറ് മണിയോടെ പറമ്പിലെത്തും. രണ്ടായിരം മൂട് കപ്പ. ഇരുന്നൂറിലേറെ വാഴ. ചേനയും ചേമ്പും പയറും കാച്ചിലും വഴുതനയും വേറെ. എല്ലാം സമൃദ്ധമായി വളർന്നുനിൽക്കുന്നു. അതുകാണുമ്പോൾ ഹമീദിന്റെ മനസിന് കരുത്തുകൂടും. ഹമീദ് തന്നെയാണ് മുച്ചക്ര വാഹനത്തിൽ വിളവ് വിപിണിയിലെത്തിക്കുന്നത്. ഒാണത്തിനും വിളവെടുപ്പുണ്ട്.
നാരങ്ങാനം നോർത്ത് കണമുക്ക് അഞ്ചുതോട് ആഷ്ലി മൻസിലിൽ സി.എച്ച്. ഹമീദുകുട്ടിക്ക് പ്രായം 70. പത്തൊൻപതു വർഷം മുമ്പ് ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ തളർന്നു. നടക്കാതായ ഹമീദിനെ നാട്ടിലെത്തിച്ച് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മാസങ്ങൾ നീണ്ട ഫിസിയോ തെറാപ്പിയിലൂടെ ഇടതുകാലിന് ബലം കിട്ടി. എഴുന്നേറ്റ് ഇരിക്കാനുമായി. വലതുകാലിന് ചലന ശേഷിയില്ല. നിലത്തു പാദം വച്ചാൽ വില്ലുപോലെ വളയും. ചിലപ്പോൾ കാലിന്റെ ആകൃതിയിലുള്ള കാലിപർ ഘടിപ്പിക്കും.
വീട്ടിൽ വെറുതേയിരിക്കാൻ മനസ് വന്നില്ല. ഗൾഫിൽ പോകുന്നതിന് മുമ്പ് ചിറ്റാറിലെ കുടുംബ ഭൂമിയിൽ കൃഷി ചെയ്തിരുന്നു. മണ്ണിൽ പച്ചപ്പ് വളർത്തിയ പഴയ കാലം ഒാർത്തു. ഭാര്യ സിൽസയുടെ സഹോദരൻ മുഹമ്മദ് കാസിയുടെ ഭൂമി പാട്ടത്തിനെടുത്ത് വീണ്ടും കൃഷി തുടങ്ങി . വലിയ ജോലികൾക്ക് മാത്രം രണ്ട് പണിക്കാരെ ഇറക്കും. മണ്ണ് ചുരണ്ടലും തടമൊരുക്കലും വളമിടലും വിളവെടുക്കലും ഹമീദ് തന്നെ ചെയ്യും.
അര മണിക്കൂർ ജോലി ചെയ്താൽ അൽപ്പം വിശ്രമം. വൈകുന്നേരം വരെയും ഹമീദ് കൃഷി ഭൂമിയിലുണ്ടാകും. ആഷ്നയും ആഷ്ലിയുമാണ് മക്കൾ
" പ്രതിസന്ധികളെ പുഞ്ചിരിച്ചു കൊണ്ടുനേരിടണം. തളർന്നിരിക്കാതെ എന്തെങ്കിലും ജോലികൾ ചെയ്യണം. അപ്പോൾ ആത്മവിശ്വാസം കൂടും.
ഹമീദുകുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |