SignIn
Kerala Kaumudi Online
Sunday, 23 August 2026 2.23 AM IST

മണിമലയാറ്റിൽ തീരമിടിച്ചിൽ വ്യാപകം : ആശങ്കയിൽ ഭൂ ഉടമകൾ ,​ പുഴയെടുക്കും തീരങ്ങൾ

1
മല്ലപ്പള്ളി വലിയ പാലത്തിന് സമീപത്ത് തീരം ഇടിഞ്ഞ നിലയിൽ

മല്ലപ്പള്ളി : മണിമലയാറിന്റെ തീരങ്ങളിലെ തിട്ടയിടിച്ചിലുകൾ വ്യാപകമാകുന്നു. ഭൂഉടമകൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയാനന്തരം തീരങ്ങൾ പുഴയിലേക്ക് പതിക്കുന്നത് ക്രമാതീതമായി വർദ്ധിക്കുകയാണ്. കടൂർക്കടവിനു സമീപവും കുളത്തൂർമൂഴി- മല്ലപ്പള്ളി വലിയ പാലത്തിന് സമീപവും, കല്ലൂപ്പാറയിലും സ്‌ഥിതി രൂക്ഷമാണ്. 2018, 2021 പ്രളയങ്ങൾക്ക് ശേഷം പല ഭൂ ഉടമകളും തീരംഇടിയുന്നത് തടയാനായി മുള നട്ടിരുന്നു. ഇപ്പോൾ മുള സഹിതമാണ് ഇടിയുന്നത്. വളർന്നുപന്തലിച്ച മുളങ്കൂട്ടങ്ങൾ നദിയിലേക്കു ചാഞ്ഞുകിടക്കുന്നതുമൂലം വെള്ളമൊഴുക്കിന്റെ ശക്ത‌ിയാൽ മൂടോടെയാണ് ഇല്ലാതാകുന്നത്. മല്ലപ്പള്ളി വലിയപാലത്തോട് ചേർന്നും മുളങ്കൂട്ടങ്ങൾ കടപുഴകി വീണുകിടക്കുന്നതും കാണാം. കല്ലൂപ്പാറയിൽ കറുത്ത വടശേരിക്കടവ് പാലത്തിന്റെ തൂണുകളിൽ മുളങ്കൂട്ടം തടഞ്ഞുനിൽക്കുന്നുണ്ട്. പടുതോട് പാലത്തിന് സമീപത്തെ ജലസംഭരണിയ്ക്ക് സമീപം മുളങ്കൂട്ടം തടഞ്ഞുനിൽക്കുന്നത് മാലിന്യങ്ങൾ അടിഞ്ഞ് കൂടുവാൻ കാരമാകുന്നു. ഒളമനക്കടവ്, നൂലുവേലിക്കടവ്, പുത്തൂർക്കടവ്, അങ്ങാടിക്കടവ്, പള്ളിക്കടവ്, തേലപ്പുഴക്കടവ് എന്നിവിടങ്ങളിലും സമാന സ്‌ഥിതിയാണ്. തീരദേശങ്ങളിൽ നാമമാത്രമായി സംരക്ഷണ ഭിത്തികൾ മാത്രമാണ് ഉള്ളത്. പലയിടത്തും പുഴയിലെ തടയിണകളുടെ ഇരുവശവും ചിലയിടങ്ങളിൽ 25 മീറ്ററിൽ താഴെ ജല സംഭരണം ശക്തിപ്പെടുത്താൻ ഭിത്തിയുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളിൽ അധിക സമ്മർദ്ദത്തിൽ ജലം ഒഴുകിയെത്തുമ്പോൾ തീരമിടിഞ്ഞ് പുഴയിലേക്ക് പതിക്കുന്നു. ഇതിനാൽ ചില ഭാഗങ്ങളിൽ വീടുകളും കെട്ടിടങ്ങളും ഏതുസമയവും പുഴയെടുക്കുന്ന സ്ഥിതിയാണ്. രണ്ടുവർഷത്തിനിടെ മേഖലയിൽ 12 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

.......................

ആറ്റിലെ അപകടകരമായ പ്രദേശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുവാൻ അധികൃതർ നടപടി സ്ഥീകരിക്കണം. മുളങ്കൂട്ടങ്ങൾ വെച്ച് പിടിപ്പിക്കുന്നത് തടയണം. മുളങ്കൂട്ടങ്ങൾ ആറ്റിലെ പാലങ്ങളുടെ തൂണുകളിൽ തങ്ങി നിൽക്കുന്നത് പാലങ്ങളുടെ തകർച്ചയ്ക്ക് കാരണമായേക്കാം.

വിനോദ് കുമാർ

(പ്രദേശവാസി)

................................................................

2 വർഷത്തിനിടെ 12 ഏക്കർ നഷ്ടപ്പെട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL