SignIn
Kerala Kaumudi Online
Sunday, 23 August 2026 1.37 AM IST

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് 'ഇന്നൊവേഷൻ ടു ഇംപാക്ട്'

kerala

തിരുവനന്തപുരം: ആഗോളതലത്തിൽ നിർമ്മിതബുദ്ധി (എ.ഐ.) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് 'ഇന്നൊവേഷൻ ടു ഇംപാക്ട്' നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്റെ (Flytxt) വാർഷിക സംഗമമായ 'ആഹ്വാൻ 26'-ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.

സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒ.എൻ.ഡി.സി. മുൻ സി.ഇ.ഒ. കോശി ടി., അശോക സർവകലാശാല ഡീനും ഐ.ഐ.ടി. ഡൽഹി പ്രൊഫസറുമായ പ്രൊഫ. ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സി.ഇ.ഒ. അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സി.ഇ.ഒ. ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജൻ്റിക് എഐയുടെ (Agentic AI) പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. എ.ഐ. സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, AI-യുടെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു സ്വാഗത പ്രസംഗത്തിൽ ഫ്ലൈടെക്സ്റ്റ് സി.ഇ.ഒ. ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.

നിർമ്മിതബുദ്ധിയുടെ സാങ്കേതികവിദ്യയ്ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നാം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പ്രൊഫ. ശന്തനു ചൗധരി പറഞ്ഞു.

വ്യവസായ മേഖലയുടെ വലിയൊരു വിഭാഗത്തിൽ എ.ഐ. അധിഷ്ഠിതമായ നൂതനാശയങ്ങൾ വളർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോശി ടി. ചൂണ്ടിക്കാട്ടി. ഫുട്ബോളിൽ പരമാവധി ഡാറ്റാ പാറ്റേണുകൾ നിരീക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. അഭിക് ചാറ്റർജി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ (KPIs) മുൻകൂട്ടി നിശ്ചയിക്കുകയും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു എ.ഐ. ഏജന്റിന്റെ വിജയം അളക്കാൻ സാധിക്കൂ എന്ന് നിലാദ്രി സെൻ വ്യക്തമാക്കി. കൺസ്യൂമേഴ്സിന് അവരുടെ പ്രൊഫൈൽ ഡാറ്റ എങ്ങനെ എന്റർപ്രൈസസ് ഉപയോഗിക്കണം എന്നതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ പ്രൈവസിയെ കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ കഴിയുമെന്ന് ഡോ. ടിമോ മാർക്സ് അഭിപ്രായപ്പെട്ടു.

വേഗത്തിലുള്ള ഡാറ്റാ വിശകലനത്തിന് ബിസിനസ്സ് മേഖലയിൽ നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പാനൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐ.ടി. രംഗത്തെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സാങ്കേതികവിദ്യാ തത്പരർക്കും എ.ഐ.യുടെ പ്രായോഗിക സാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL