
പത്തനംതിട്ട : ഫണ്ടില്ലെന്ന കാരണത്താൽ തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മടി. കോന്നി പഞ്ചായത്തിൽ മാത്രമാണ് പദ്ധതി നടപ്പായത്. ഇവിടെ തെരുവുനായകളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഇവർ അവയെ വലയിൽ കുരുക്കി പേ വിഷ ബാധയ്ക്കെതിരേയുള്ള വാക്സീൻ നൽകുകയും ചെയ്തു.
എ.ബി.സി പദ്ധതി നടപ്പാക്കുന്നതിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്സീനേഷന് ജില്ലാ പഞ്ചായത്ത് നിർദേശം നൽകിയത്. നായ്ക്കളെ പിടികൂടാൻ പരിശീലനം സിദ്ധിച്ചയാളുകളെ നിയോഗിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. എന്നാൽ, പല പഞ്ചായത്തുകളിലും പരിശീലനം നൽകിയിട്ടില്ല. ഡോഗ് ക്യാച്ചർമാർക്ക് പ്രതിഫലം നൽകാനും ഫണ്ടില്ലെന്നാണ് പഞ്ചായത്തുകളുടെ വാദം.
കെട്ടിടം പൂർത്തിയായില്ല
ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്കു മുൻപ് തുടങ്ങിവച്ച പുളിക്കീഴിലെ എ.ബി.സി കെട്ടിട നിർമാണം വൈകുന്നത് തെരുവുനായ നിർമാർജനത്തിന് തിരിച്ചടിയാണ്. തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് രണ്ടുദിവസം പാർപ്പിച്ചശേഷം തിരികെ വിടുന്നതാണ് പദ്ധതി. എ.ബി.സി. കെട്ടിടം ഇല്ലെന്ന പേരിൽ മൃഗസംരക്ഷണ വകുപ്പും പദ്ധതിയോടു പുറംതിരിഞ്ഞു നിൽക്കുകയാണ്.
ആക്രമണം കൂടുന്നു
അടൂരിന് സമീപം കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു നേരെ നായ ചാടി വീണ് യാത്രക്കാരെ ആക്രമിച്ചത് കഴിഞ്ഞദിവസമാണ്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും യാത്രക്കാരെ നായ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. മൂന്നംഗ കുടുംബത്തെയാണ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഇതിലുൾപ്പെടുന്നു. ഇരുചക്രവാഹനങ്ങൾക്കു മുൻപിൽ തെരുവ് നായകൾ ചാടുന്നതും കുരച്ചുകൊണ്ട് പിന്തുടരുന്നതും അവസരം കിട്ടിയാൽ ആക്രമിക്കുന്നതും പതിവാണ്. അടൂർ, കടമ്പനാട് ഭാഗങ്ങളിൽ നായയുടെ ആക്രമണം സ്ഥിരംസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയും അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു സമീപം രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |