
പത്തനംതിട്ട : ഓണത്തിന് വ്യാജൻമാരെ ഒതുക്കാനുള്ള തന്ത്രപ്പാടിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ദിവസവും പരിശോധന നടത്തി റിപ്പോർട്ട് നൽകാനും നടപടിയെടുക്കാനും ജില്ലയിൽ ആകെയുള്ളത് അഞ്ച് ഉദ്യോഗസ്ഥർ മാത്രം. ഇവർക്കായി ഒരു ഓഫീസ് അറ്റൻഡന്റും. ജില്ലയിലെ ആറ് സർക്കിളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ കാറ്ററിംഗ് യൂണിറ്റുകൾ, ഭക്ഷ്യ ഉൽപാദനവിതരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഓണം ഫുഡ് ഫെസ്റ്റുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തേണ്ടതുണ്ട്. ഇവയിലെല്ലായിടത്തും ഓടിയെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ. ഒരു ദിവസം മൂന്ന് സർക്കിളുകളിൽ മാത്രമാണ് പരിശോധന നടത്താൻ കഴിയുന്നത്. തിരുവല്ല, മല്ലപ്പള്ളി, അടൂർ, റാന്നി സർക്കിളുകളിൽ നിരവധി കടകളുള്ളതിനാൽ എല്ലായിടത്തും ഒരുപോലെ എത്താൻ സാധിക്കുന്നില്ല.
നിയമനം ഇല്ല
ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും നിയമനം നടത്താത്തതുമാണ് ജീവനക്കാരുടെ കുറവിന് കാരണം. കൂടുതൽ നിയമനം ആവശ്യപ്പെട്ട് പലതവണ ജീവനക്കാർ പരാതിപ്പെട്ടിട്ടും നടപടി ഒന്നുമായിട്ടില്ല. ശബരിമല മണ്ഡലകാലത്തും മറ്റ് ആഘോഷങ്ങളിലുമാണ് പരിശോധന കൂടുതലായി നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലടക്കം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ നിരവധിയുണ്ട്.
6 സർക്കിളുകൾ
ആറൻമുള, റാന്നി, കോന്നി, തിരുവല്ല, അടൂർ, മല്ലപ്പള്ളി സർക്കിളുകളാണ് ജില്ലയിലുള്ളത്. അസി. കമ്മീഷണർ, ഒരു ഓഫീസ് അറ്റൻഡന്റ്, അഞ്ച് ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിങ്ങനെയാണ് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം.
പരിശോധന നടക്കുന്നുണ്ട്. നടപടിയും എടുക്കുന്നുണ്ട്. എല്ലാ സർക്കിളിലും ദിവസവും പരിശോധന നടത്താൻ കഴിയില്ല.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |