SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.41 AM IST

ആറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് യാത്രതിരിക്കും

thoni

കോഴഞ്ചേരി : തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് പുറപ്പെടും. ഉത്രാടം നാളിൽ വൈകിട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി പകർന്ന് നൽകുന്ന ദീപവുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയേറുമ്പോൾ പാർത്ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി 18 നായർ കുടുംബാംഗങ്ങളും തോണിയിൽ അനുഗമിക്കും. ചോതി നാളിൽ ആറന്മുള ക്ഷേത്രത്തിൽ നിന്ന് അളന്ന് നൽകിയ 40 പറ നെല്ല് കാട്ടൂരിൽ പരമ്പരാഗത രീതിയിൽ മര ഉരലിൽ കുത്തി എടുത്താണ് അരിയാക്കുന്നത്. ഈ അരിയാണ് തിരുവോണസദ്യയ്ക്ക് ഉപയോഗിക്കുക. പള്ളിയോട സേവാസംഘം ഭാരവാഹികൾ ഉൾപ്പടെ വിവിധ പള്ളിയോട കരക്കാരും ഭക്തജനങ്ങളും വെറ്റ, പുകയില നൽകി തിരുവോണത്തോണിയെ യാത്രയാക്കും. ആചാര വെടി മുഴങ്ങി തോണി യാത്ര പുറപ്പെടുമ്പോൾ പള്ളിയോടങ്ങൾ ഭഗവത് സ്‌തുതി പാടി അകമ്പടി സേവിക്കും. പമ്പയുടെ ഇരുകരകളിലുമുള്ള ഭക്തർ ദീപക്കാഴ്ചയൊരുക്കി തിരുവോണത്തോണിയെ സ്വീകരിക്കും. കാട്ടൂരിൽ നിന്ന് കുമാരനല്ലൂരിലേക്ക് താമസം മാറ്റിയ മങ്ങാട്ട് ഭട്ടതിരി കുടുംബത്തിലെ പ്രതിനിധി അനൂപ് നാരായണൻ ഭട്ടതിരി മൂലംനാളിൽ കുമാരനെല്ലൂരിൽ നിന്ന് ജലമാർഗം യാത്രതിരിച്ച് കാട്ടൂരിലെത്തിയാണ് തിരുവോണത്തോണിയുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളിയാകുക. ഓണസദ്യവിഭവങ്ങളുമായി തിരുവോണം നാളിൽ പുലർച്ചെ 5.30ന് എത്തുന്ന തിരുവോണത്തോണിക്ക് ആചാരപൂർവം സ്വീകരണം നൽകും.

ഭട്ടതിരിക്ക് വെറ്റ, പുകയില നൽകി ദേവസ്വം പ്രതിനിധികളും പള്ളിയോട സേവാസംഘം ഭാരവാഹികളും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും സ്വീകരിക്കും. മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് എത്തിച്ച ദീപം മേൽശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലെ കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവോണസദ്യയ്ക്ക് ഒരുക്കമാകും. പ്രത്യേക പൂജകൾക്ക് ശേഷം തിരുവോണസദ്യ ഭഗവാന് സമർപ്പിക്കും. രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭട്ടതിരി മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL