തിരുവല്ല : ഒന്നരപതിറ്റാണ്ടായി തകർന്നുകിടക്കുന്ന കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോച്യാവസ്ഥയിൽ മനംനൊന്ത് റോഡിലെ വെള്ളക്കെട്ടിൽ വള്ളമിറക്കി നാട്ടുകാർ പ്രതിഷേധിച്ചു. തിരുവോണനാളിൽ ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മാവേലിയും നടന്നുപോകാനാകാതെ കുടുങ്ങി. തുടർന്ന് പ്രതിഷേധത്തിൽ പങ്കാളിയായ മാവേലിയെ വള്ളത്തിൽ കയറ്റി വെള്ളക്കെട്ട് കടത്തിവിടുകയായിരുന്നു. വെള്ളക്കെട്ട് ഏറെയുള്ള പൊയ്പ്പാട്ടിൽപ്പടിയിലാണ് ജനകീയ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡിലെ ഒരടിയിലേറെ വെള്ളക്കെട്ടുള്ള ഭാഗത്തുകൂടി യാത്ര അസഹനീയമായ സാഹചര്യത്തിലാണ് പ്രതീകാത്മകമായി വള്ളമിറക്കിയത്. കുറ്റൂർ പഞ്ചായത്തിലെ 13,14 വാർഡുകളിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ പഞ്ചായത്ത് റോഡിൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ഒപ്പുശേഖരണവും പ്രതിഷേധ യോഗങ്ങളും നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. നൂറോളം നാട്ടുകാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
രണ്ടുവർഷം മുമ്പ് പിരിവിട്ട് റോഡ് നന്നാക്കി
2024 സെപ്റ്റംബറിൽ ഓണക്കാലത്ത് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾ ചേർന്ന് പിരിവെടുത്ത് രണ്ട് ലക്ഷത്തിലധികം രൂപ സമാഹരിച്ചിരുന്നു. ഇതുപയോഗിച്ച് 12 ലോഡ് മണ്ണിറക്കി ജെ.സി.ബി. ഉപയോഗിച്ച് റോഡ് നിരപ്പാക്കിയിരുന്നു. എന്നാൽ ടാറിംഗിന് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനാൽ തുടർനിർമ്മാണം നടത്താൻ കഴിഞ്ഞില്ല.
തകർച്ചയ്ക്ക് കാരണം ഭാരവാഹനങ്ങൾ
ഭാരവാഹനങ്ങളുടെ നിരന്തര സഞ്ചാരമാണ് റോഡിന്റെ സ്ഥിതി വീണ്ടും വഷളാക്കിയത്. ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിലെ ‘പുളിമൂട്ടിൽ പാലം അപകടത്തിൽ’ എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് ഭാരവാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടിരുന്നു. കൂടാതെ തിരുവൻവണ്ടൂർ – നന്നാട് റോഡിന്റെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ കൊണ്ടുപോകുന്നതിനും ഈ റോഡ് ഉപയോഗിച്ചതോടെ വീണ്ടും വൻകുഴികളായി മാറി.
നാട്ടുകാരിൽ നിന്ന് പണം പിരിച്ച് റോഡ് നന്നാക്കാൻ കഴിയില്ലെന്നും സർക്കാർ ഫണ്ട് അനുവദിച്ച് അടിയന്തരമായി റോഡ് പുനർനിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർ പിരിവെടുത്ത് റോഡ് മെച്ചപ്പെടുത്തിയെങ്കിലും ബാക്കിയുള്ള ജോലികൾ ചെയ്യാൻ പോലും കുറ്റൂർ പഞ്ചായത്തോ മറ്റു ജനപ്രതിനിധികളോ തയ്യാറായില്ല.
രാജു വാണിയപ്പുരയ്ക്കൽ
(ജനകീയ റോഡ് സംരക്ഷണ സമിതി പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |