SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

വള്ളിക്കോട് വിതയൊരുക്കം തുടങ്ങി

photo

വള്ളിക്കോട് : വള്ളിക്കോട് പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിക്കുള്ള വിതയൊരുക്കം തുടങ്ങി. കത്തിയെരിയുന്ന വേനൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയ തോട്ടിലെ വെള്ളം പാടശേഖരങ്ങളിലേക്ക് കടത്തിവിട്ട് യന്ത്ര സഹായത്തോടെയാണ് നിലമൊരുക്കൽ നടക്കുന്നത്. വർഷത്തിൽ മൂന്നുതവണ നെൽകൃഷി ഇറക്കാറുള്ള പാടശേഖരങ്ങളാണ് ഇതെങ്കിലും ഇത്തവണ ചിങ്ങകൃഷി നടന്നില്ല.

പ്രതികൂല കാലാവസ്ഥകളെ അവഗണിച്ച് ഇത്തവണ വേട്ടക്കുളം പാടശേഖരത്തിലാണ് ആദ്യവിത്തെറിയുന്നത്. ചെമ്പതപാലത്തിനോട് ചേർന്ന് കിടക്കുന്ന വേട്ടക്കുളത്ത് ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രണ്ടുംകൽപ്പിച്ചാണ് കർഷകർ കൃഷിയിലേക്ക് ഇറങ്ങുന്നത്. മഴക്കാലത്തെ വെള്ളക്കെട്ടും വേനലിൽ ജലക്ഷാമവുമാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് ഇത്തവണ ശാസ്ത്രീയമായ പരിഹാരം ഉണ്ടാകുമെന്ന് പഞ്ചായത്തും കൃഷി വകുപ്പും പാടശേഖര സമിതികൾക്ക് ഉറപ്പ് നൽകുന്നുണ്ട്. സപ്ളൈക്കോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണ് വള്ളിക്കോട്. വിപണിയിൽ അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തവണ തരിശുപാടങ്ങൾ ഉൾപ്പടെ കൃഷിയോഗ്യമാക്കി കൂടുതൽ നെല്ല് വിളയിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയുടെ പ്രധാന നെല്ലറ

അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏ​റ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. ഇതിൽ നാനൂറ് ഏക്കർ സ്ഥലത്താണ് ഇത്തവണ ആദ്യ കൃഷി ഇറക്കാൻ ഉദ്ദേശിക്കുന്നത്. തരിശ് പാടങ്ങൾ കൃഷി യോഗ്യമാക്കി ബാക്കിയുള്ള സ്ഥലങ്ങളിലും നെല്ല് വിളയിക്കും.

പാടശേഖര വിസ്തൃതി : 500 ഹെക്ടർ

പ്രധാന പാടശേഖരങ്ങൾ : 9

കർഷകരുടെ എണ്ണം : 210

കഴിഞ്ഞ മകരക്കൃഷിക്ക് ലഭിച്ചത് : 510 ടൺ നെല്ല്.

സപ്‌ളൈക്കോ സംഭരിച്ചത് : 450 ടൺ നെല്ല്

(ബാക്കി നെല്ല് കർഷകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക്)

വർഷത്തിൽ മൂന്ന് കൃഷി : മകരക്കൃഷി, ചിങ്ങക്കൃഷി, മുണ്ടകൻക്കൃഷി.

പ്രധാന നെൽവിത്ത് : ജയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL