SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

നിയമസഭ പരിസ്ഥിതി കമ്മിറ്റി സന്ദർശനം നടത്തി : വരട്ടാറിന്റെയും കോലറയാറിന്റെയും ദുരവസ്ഥ കണ്ടറിഞ്ഞു

nature-committee

തിരുവല്ല : പ്രളയത്തെ തുടർന്ന് മൂന്നാഴ്ച മുമ്പുവരെ നിറഞ്ഞൊഴുകിയിരുന്ന വരട്ടാറും കോലറയാറും മാനംതെളിഞ്ഞതോടെ ചുവന്നുകലങ്ങി മലിനമായത് നിയമസഭ പരിസ്ഥിതി കമ്മിറ്റി നേരിൽകണ്ടു ബോദ്ധ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അംഗങ്ങളായ അഡ്വ.വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി.എം.ശശി എന്നിവരാണ് ഉദ്യോഗസ്ഥരോടും പ്രാദേശിക ജനപ്രതിനിധികൾക്കും ഒപ്പം വരട്ടാറും കോലറയാറും സന്ദർശിച്ചത്. ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ, ജോ ഇലഞ്ഞിമൂട്ടിൽ, ജിബിൻ പുളിമ്പള്ളി, ശിവദാസ് യു.പണിക്കർ, എബ്രഹാം, അജിത് പ്രസാദ് തലയാർ, വി.ആർ.രാജേഷ്, ബിനുകുരുവിള, സുരേഷ്, കുഞ്ഞുമോൻ, കെ.എസ്.എബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ എബ്രഹാം എന്നിവർ വിശദീകരിച്ചു. സബ് കളക്ടർ പാർവതി ഗോപകുമാർ, അടൂർ ആർ.ഡി.ഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ.ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈ.എസ്.പി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

വരണ്ടൊഴുകി വരട്ടാർ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ജനകീയ മുന്നേറ്റത്തോടെ വീണ്ടെടുത്ത വരട്ടാറിന്റെ ഇപ്പോഴത്തെ ദയനീയസ്ഥിതി തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലെത്തി സംഘം കണ്ടു. അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ റവന്യൂ അധികൃതർക്ക് കേരള നിയമസഭ പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. പമ്പയുടെ കൈവഴിയായി കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്തുമെല്ലാം ഒഴുകിയെത്തുന്ന വരട്ടാർ രൂക്ഷമായ വെള്ളപ്പൊക്ക കെടുതികളും സൃഷ്ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.

മാലിന്യംനിറഞ്ഞു കോലറയാർ
വർഷങ്ങൾക്കുമുമ്പ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ശുചീകരിച്ചെങ്കിലും സംരക്ഷണമില്ലാത്തതിനാൽ വീണ്ടും മാലിന്യങ്ങൾ കുമിഞ്ഞുമൂടിയ കോലറയാർ ശുചീകരിക്കേണ്ടതിന്റെ ആവശ്യകത പരിസ്ഥിതി സമിതിക്ക് ബോധ്യപ്പെട്ടു. കടപ്ര -നിരണം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോലറയാറിന്റെ തകർച്ച നിരണം വലിയപള്ളിക്ക് സമീപത്തെ പാലത്തിൽ നിന്ന് സംഘാംഗങ്ങൾ നേരിൽകണ്ടു. ജനകീയ സമിതികൾ ഇടയ്ക്കിടെ തോട് തെളിക്കുമെങ്കിലും പഴയപ്രതാപം വീണ്ടെടുക്കാൻ കോലറയാറിന് സാധിച്ചിട്ടില്ല. വെള്ളപ്പൊക്ക കെടുതികളും തോടുകളുടെ ആഴംകൂട്ടലും കൃഷിയുടെ പ്രശ്നങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടി പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യനും പഞ്ചായത്ത് പ്രസിഡന്റുമാരും സംഘത്തിന് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL