
ചിറ്റാർ: കാണാതായി പതിനൊന്നാംദിവസം കട്ടച്ചിറ സ്വദേശിനിയായ വൃദ്ധയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ പഞ്ചായത്തിൽ കട്ടച്ചിറയിൽ വീടിനുസമീപത്തെ വനമേഖലയിൽ വിറകിനുപോയി കാണാതായ കുട്ടിയമ്മ (81) യുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്നെത്തിയ സായുധ പൊലീസും ചിറ്റാർ സ്റ്റേഷനിലെ പൊലീസും വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ഇടത്തുനിന്ന് ആറുകിലോമീറ്റർ മാറി ഉൾവനത്തിൽ കൊടുമുടി മേഖലയോടുചേർന്ന് കോട്ടപ്പാറയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കും. സംഭവത്തെപറ്റി കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇൗ മാസം രണ്ടിനാണ് കുട്ടിയമ്മ വീടിനുസമീപത്തുള്ള വനമേഖലയിൽ വിറകുശേഖരിക്കാൻ പോയത്. പൊലീസും വനപാലകരുംചേർന്ന് ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും ഒരു വിവരവും കിട്ടിയില്ല.
ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച്
ചിറ്റാർ : കുട്ടിയമ്മയെ കണ്ടെത്താനുള്ള തെരച്ചിലിൽ അനാസ്ഥ കാട്ടിയ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി സി.പി.എം പ്രവർത്തകർ. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയമ്മയുടെ മൃതദേഹം പകൽ ഒന്നോടെ കട്ടച്ചിറ കൊടുമുടി വനമേഖലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് പെരുനാട് ഏരിയ സെക്രട്ടറി എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിറ്റാർ ലോക്കൽ സെക്രട്ടറി അഷറഫ് ആനപ്പാറ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ജി.മുരളീധരൻ, ടി.കെ.സജി, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീവിദ്യ ബിജു, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.ബി.ബിജു, സജീഷ് കട്ടച്ചിറ എന്നിവർ സംസാരിച്ചു. കുട്ടിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |