
പത്തനംതിട്ട : ഉഷ്ണതരംഗ ഭീഷണി നേരിടുന്ന ജില്ലയിൽ ആൾട്രാവയലറ്റ് ഇൻഡക്സ് (യു.വി) നിയന്ത്രണ പരിധി കടന്നതോടെ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രാതാനിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയിൽ യെല്ലോയിലും ഓറഞ്ചിലും തൊടാതെ നേരിട്ട് റെഡ് അലർട്ടിൽ എത്തിയ യു.വി ഇൻഡക്സ് ഇന്നലെ മലയോര മേഖലകളിൽ പത്തിൽ കൂടുതലാണ് രേഖപ്പെടുത്തിയത്. ഇതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതോടെ വരും ദിവസങ്ങളിൽ ചൂട് വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇങ്ങനെ സംഭവിച്ചാൽ മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഒരേപോലെ ഹാനികരമാകുന്ന യു.വി തരംഗങ്ങളുടെ തോത് വീണ്ടും ഉയരും. ഇത് ജില്ലയെ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നയിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ഉഷ്ണതരംഗത്തിന്റെയും യു.വിയുടെയും തോത് അപകട നിലയിൽ തന്നെ തുടരുകയാണ്. ഒന്ന് മുതൽ അഞ്ച് വരെ ഗ്രീനും അഞ്ച് മുതൽ ഏഴ് വരെ യെല്ലോയും അഞ്ച് മുതൽ എട്ട് വരെ ഓറഞ്ചും എട്ട് മുതൽ പത്ത് വരെ റെഡുമാണ് യു.വി അലർട്ടുകൾ. 11ന് മുകളിൽ അതീതീവ്രമാണ്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലും ചില സമയങ്ങളിൽ കോന്നി, റാന്നി മലയോര മേഖലകളിൽ ഇത് പത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പതിനൊന്നിൽ എത്തിയിട്ടില്ല.
യു.വി ഇൻഡക്സ് പത്ത് കടന്നാൽ
10 മുതൽ 15 മിനിറ്റ് വരെ നേരിട്ട് വെയിൽ കൊണ്ടാൽ ചർമ്മത്തെ ബാധിക്കും.
ദീർഘനേരം വെയിൽ കൊള്ളുന്നത് ചർമ്മാർബുദത്തിന് വരെ കാരണമാകും.
കണ്ണുകൾക്ക് തകരാർ സംഭവിക്കും.
അകാല വാർദ്ധക്യം സംഭവിക്കും. പ്രതിരോധ ശേഷി കുറയും.
മുൻകരുതലുകൾ
രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ നേരിട്ട് വെയിൽ ഏൽക്കരുത്.
പുറത്ത് ഇറങ്ങേണ്ടി വന്നാൽ തണൽ സ്ഥലങ്ങൾ തിരഞ്ഞെടുക്കണം.
കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.
കുടയോ തൊപ്പിയോ ധരിക്കണം.
കണ്ണിന്റെ സംരക്ഷണത്തിന് സൺ ഗ്ളാസുകൾ ഉപയോഗിക്കണം.
നിർജലീകരണം തടയാൻ ധാരണം വെള്ളം കുടിക്കണം.
നിയന്ത്രണങ്ങൾ
1.പൊതുപരിപാടികൾക്കും സമ്മേളനങ്ങൾക്കും രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിൽ നിയന്ത്രണം ഏർപ്പെടുത്തി.
2.പുറം ജോലികളിൽ ഏർപ്പെടുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകിട്ട് മൂന്നിനും ഇടയിൽ നിർബന്ധിത വിശ്രമം.
3.സ്കൂളുകളിൽ അസംബ്ളികൾക്കും ഉച്ചസമയങ്ങളിലെ വിനോദങ്ങൾക്കും നിയന്ത്രണം.
4. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |