ചിറ്റാർ : ഗവിയിലെ ഭവനരഹിതരായ ഏലത്തോട്ടം തൊഴിലാളികളുടെ വീടെന്ന സ്വപ്നം തകർന്നു. മൂന്നുവർഷം മുൻപ് നിർമ്മാണം ആരംഭിച്ച വീടുകൾക്ക് ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച തുക പലഘട്ടങ്ങളായി ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് തട്ടിയെടുത്തതായാണ് ആക്ഷേപം. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 90ശതമാനം തുകയും പഞ്ചായത്ത് അധികൃതർ കൈമാറിയെങ്കിലും ഒരുവീടും പൂർത്തിയായിട്ടില്ല.
സീതത്തോട് മേലേകോട്ടമൺപാറയിൽ നിർമ്മിച്ചു തുടങ്ങിയ 14 വീടുകൾ അസ്ഥിപഞ്ജരം പോലെ നിൽക്കകയാണ്. ചിലത് അടിത്തറയിൽ മാത്രമൊതുങ്ങി. കോൺക്രീറ്റ് ഘട്ടത്തിലെത്തിയത് രണ്ടുവീടുകൾ മാത്രം. വീട് ഒന്നിന് നാല് ലക്ഷം വീതം അനുവദിച്ചതിൽ 3.20 ലക്ഷം രൂപയും കൈമാറി. അവശേഷിക്കുന്നത് എൺപതിനായിരം രൂപ മാത്രം. അടിത്തറ, ബെൽറ്റ് നിരപ്പ് എന്നിങ്ങനെ ഓരോ ഘട്ടങ്ങളും പിന്നിടുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിവേണം പണം അനുവദിക്കണമെന്ന സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തട്ടിപ്പ് നടന്നത്. എല്ലാം പൂർത്തിയാക്കിയെന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെന്നാണ് ആരോപണം. കുടിവെള്ളം ലഭ്യമല്ലാത്തതും കൃഷിക്ക് പറ്റാത്തതുമായ പാറകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് വീട് നിർമാണം.
ഭൂമി മുതൽ തട്ടിപ്പ്
വീട് വയ്ക്കാൻ ഭൂമി വാങ്ങിയത് മുതൽ തട്ടിപ്പ് അരങ്ങേറിയെന്നാണ് കണ്ടെത്തൽ. പ്രദേശത്ത് സെന്റിന് പതിനായിരം രൂപ വിലയുള്ള വഴി പോലുമില്ലാത്ത ഭൂമി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അത്രയും തുകയ്ക്ക് വാങ്ങിയശേഷം അൻപതിനായിരത്തോളം രൂപയ്ക്കാണ് ലൈഫ് ഗുണഭോക്താകൾക്കായി മറിച്ചുവിറ്റത്. ഒരു സെന്റിന് നാൽപ്പതിനായിരം എന്ന കണക്കിൽ പ്രാദേശിക ലോബി കൈക്കലാക്കി. ഗുണഭോക്തൃ പട്ടികയിലുള്ള ഗവി നിവാസികൾ വീടുകൾ നിർമിക്കുന്ന സ്ഥലം കണ്ടിട്ടുപോലുമില്ലെന്നും നിർമാണ സാമഗ്രികൾക്ക് ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്. പദ്ധതി നടത്തിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് കെ.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
പണി മുടങ്ങിയ വീടുകൾ : 14,
ഒരു വീടിന് അനുവദിച്ച തുക : 4 ലക്ഷം രൂപ
കൈമാറിയത് : 3.20 ലക്ഷം രൂപ
നൽകാനുള്ളത് : 80,000 രൂപ
പദ്ധതിക്ക് പണം ലഭിക്കാൻ താമസം വന്നതിനാലാണ് പണി വൈകുന്നത്. ഗുണഭോക്താക്കൾക്കാണ് തുക അനുവദിക്കുന്നത്. അവർ കരാറുകാരന് നൽകണം. പണി പൂർത്തിയാകാതെ പണം നൽകിയോ എന്നു പരിശോധിക്കും.
ലേഖാസുരേഷ്,
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |