പന്തളം : 90 സെന്റിൽ ജലസമൃദ്ധമായ പൂഴിക്കാട് ശാസ്താംകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്ന കുളത്തിലെ വെള്ളം മലിനമാണ്. നാലുവശവും കാടുമുടിയിരിക്കുന്ന കുളത്തിന്റെ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഒരുകാലത്ത് കുളിക്കാനും വസ്ത്രം കഴുകാനും കൃഷിക്കും ഈ കുളത്തിലെ ജലമാണ് നാട്ടുകാർ ഉപയോഗിച്ചിരുന്നത്. ഇടത്താവളങ്ങൾ ഇല്ലാതിരുന്ന കാലത്ത് ശബരിമല തീർത്ഥാടകർ പൂഴിക്കാട് ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്തിരുന്നപ്പോൾ ശാസ്താംകുളമായിരുന്നു ആശ്രയം. പൂഴിക്കാട് ശ്രീഭൂതനാഥ വിലാസം ഹൈന്ദവ സമാജത്തിന്റേതായ ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ ഭാഗമായിരുന്ന കുളം 1964ൽ ജലസേചന സൗകര്യം മെച്ചപ്പെടുത്താനായി മേജൻ ഇറിഗേഷൻ വകുപ്പിന് കൈമാറി. തുടർന്ന് കുളത്തിന്റെ ആഴവും വീതിയും കൂട്ടി നാലുവശവും കരിങ്കൽ കെട്ടി സംരക്ഷിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കടവുകൾ നിർമ്മിച്ചു പടികളും കെട്ടിയിരുന്നു. കിഴക്കുഭാഗത്ത് തൂമ്പ് നിർമ്മിച്ചു കൈത്തോട്ടിലൂടെ ജലം എത്തിച്ച് ശാസ്താംവയലിലും ചിറമുടി പുഞ്ചയിലെയും കൃഷിക്ക് ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് കൈത്തോടുകളുടെ പലഭാഗങ്ങളിലും ഇടിഞ്ഞു നികന്നതോടെ കുളത്തിന്റെ നാശവും തുടങ്ങി. കൊടുംവരൾച്ചയിൽ പോലും 10 അടി ആഴത്തിൽ കുളത്തിൽ വെള്ളമുണ്ട്.
ശാസ്താക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്നതിനായി കുളത്തിൽ താമര വളർത്തിയിരുന്നു. എന്നാൽ ആഫ്രിക്കൻ പായൽ നിറഞ്ഞതോടെ താമര പൂർണമായും നശിച്ചു.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ശാസ്താ ക്ഷേത്രത്തിലെ ആനക്കൊട്ടിലിനോട് ചേർന്ന് നിന്ന കൂറ്റൻ അരയാൽ മൂടോടെ പിഴുത് കുളത്തിലേക്ക് വീണു. ഇതും അവിടെ കിടന്നുനശിക്കുകയാണ്.
സംരക്ഷണമില്ല
22 വർഷം മുമ്പ് പന്തളം പഞ്ചായത്ത് കുളത്തിലെ ചെളി നീക്കം ചെയ്യാനും ഇടിഞ്ഞു പൊളിഞ്ഞ വശങ്ങൾ നന്നാക്കുവാനുമായി മൂന്നുതവണ പണം അനുവദിച്ചിരുന്നു. എന്നാൽ കരാറിൽ നിർദ്ദേശിച്ചിരുന്ന തരത്തിൽ പണിപൂർത്തീകരിച്ചില്ല. ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് കരാറുകാരന് പണം അനുവദിച്ചതായും ആക്ഷേപമുണ്ട്. കുളത്തിലേക്ക് ഇറങ്ങുന്നതിന് ഇരുഭാഗങ്ങളിലും നിർമ്മിച്ചിരുന്ന പടവുകൾ മുഴുവൻ തകർന്ന നിലയിലാണ്.
പൂഴിക്കാട് ശാസ്താംകുളം അടിയന്തരമായി നവീകരിച്ച് സംരക്ഷിക്കണം.
ചന്ദ്രനുണ്ണിത്താൻ,
ഹരിഹരാജ വിലാസം
(കർഷകൻ)
ശാസ്താംകുളം പുനർനിർമ്മിക്കുന്നതിന് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപനഗരസഭ അനുവദിച്ചിട്ടുണ്ട്. ഈ വർഷം നവീകരണം നടത്തും.
ബി.പ്രദീപ്,
22ാം വാർഡ് കൗൺസിലർ,
പന്തളം നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |