SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ജില്ലയിലെ ആദ്യ അവയവദാനത്തിന് ഇന്ന് മുപ്പത് വയസ്, കണ്ണിലെ വെളിച്ചം ദാനം നൽകി, വഴികാട്ടിയായി ശ്രീധരൻ വൈദ്യർ

sreedharan-vydyan
ശ്രീധരൻ വൈദ്യർ

ചിറ്റാർ : അവയവദാനമെന്ന മഹാദാനത്തിലേക്ക് ജില്ലയുടെ മനസ് ചുവടുവച്ചിട്ട് ഇന്ന് മൂന്നുപതിറ്റാണ്ട്. 1995 സെപ്റ്റംബർ 16ന് പത്തനംതിട്ട ചിറ്റാർ മോഹന സദനത്തിൽ എ.ശ്രീധരൻ വൈദ്യരാണ് മരണാനന്തരം കണ്ണുകൾ ദാനം ചെയ്തത്. വിഷചികിത്സകനും കവിയുമായിരുന്ന എ.ശ്രീധരൻ വൈദ്യർ

73-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരിക്കുന്നതിന് ഒരുവർഷം മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന നേത്രദാന ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത് അവയവദാന സമ്മതപത്രം നൽകുകയായിരുന്നു. കുടുംബാംഗങ്ങൾ വൈദ്യരുടെ ആഗ്രഹത്തിനാെപ്പം നിന്നതോടെ ജില്ലയിലെ അവയവദാന ചരിത്രത്തിൽ ആദ്യപേരായി എ.ശ്രീധരൻ വൈദ്യർ മാറി. അവയവദാനത്തെപ്പറ്റി കെട്ടുകഥകൾ ഏറെ പ്രചരിച്ചിരുന്ന അക്കാലത്ത് ജില്ലയിൽ നേത്രശേഖരണ സൗകര്യങ്ങൾ ഇല്ലായിരുന്നു. വൈദ്യരുടെ മരണവിവരം മക്കൾ അന്നത്തെ പത്തനംതിട്ട ഗവ.ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഡോക്ടർ പി.ഇ.സോമനെ അറിയിച്ചു. അദ്ദേഹം അറിയിച്ചതനുസരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ദ്ധരെത്തി നേത്രപടലം ശേഖരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ കോട്ടയം മുട്ടുചിറ സ്വദേശി വാസു, ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി കൃഷ്ണൻകുട്ടി എന്നിവർക്ക് കാഴ്ചയേകി. വൈദ്യരുടെ മാതൃക പിന്തുടർന്ന് മക്കളും കൊച്ചുമക്കളും നേത്രദാന സമ്മതപത്രം നൽകിയിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL