പത്തനംതിട്ട: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിരുവല്ല, മല്ലപ്പള്ളി, ചേലക്കൊമ്പ് റോഡ് വികസന പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ഉണ്ടാകരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.കെ.ബഷീറിനെ നേരിൽ കണ്ട് നിവേദനം നൽകി. മല്ലപ്പള്ളി, ചേലക്കൊമ്പ് ജനകീയ സമിതി പ്രവർത്തകരോടൊപ്പമാണ് മന്ത്രിയെ നേരിൽ കണ്ട് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദീകരിച്ചശേഷം നിവേദനം കൈമാറിയത്. 2016ൽ 83 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയ പദ്ധതിയാണ് തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വികസനം. തിരുവല്ലയിൽ നിന്ന് മലയോര മേഖലയിലേക്കുള്ള പ്രധാന ഗതാഗതപാതയായ ഈ റോഡ് ദേശീയപാതയിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗമാണ്. സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതി കൂട്ടി വികസിപ്പിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിൽ ഉൾപ്പെടെ നാട്ടുകാർ വലിയ രീതിയിൽ സഹകരിച്ചിട്ടുമുണ്ട്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി യാഥാർത്ഥ്യമായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് ആവശ്യമായ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ തുടരുന്ന സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |