റാന്നി: മണ്ഡല - മകരവിളക്ക് ശബരിമല തീർത്ഥാടന കാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പ്രധാന ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച. തീർത്ഥാടകർ വലിയ തോതിൽ എത്തുന്ന പ്രധാന പാതകളിലെയും ഇടത്താവളങ്ങളിലെയും ശുചീകരണ - മറ്റൊരുക്കങ്ങൾ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്ന ആക്ഷേപം ശക്തമാകുന്നു. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ള വിതരണം, താത്കാലിക വിശ്രമ കേന്ദ്രങ്ങൾ, വൃത്തിയുള്ള ടോയ്ലെറ്റ് , വെളിച്ചം എന്നിവ ഉറപ്പാക്കേണ്ട ഘട്ടത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾ തികഞ്ഞ നിഷ്ക്രിയത്വം പുലർത്തുന്നത്. പ്രധാന ഇടത്താവളങ്ങളായ റാന്നി, പെരുനാട്, വടശേരിക്കര അടക്കമുള്ള മേഖലകളിൽ മുൻവർഷങ്ങളിൽ നിർമ്മിച്ച സൗകര്യങ്ങൾ പലതും അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗശൂന്യമായ നിലയിലാണ്. തീർത്ഥാടന പാതകളിലെ വഴിവിളക്കുകൾ തെളിക്കാനോ, റോഡരികിലെ കാടുകൾ വെട്ടിമാറ്റാനോ നടപടിയുണ്ടായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിന് ഭക്തർ എത്തുന്ന റാന്നി താലൂക്കിലെ വിവിധ ഇടത്താവളങ്ങളിൽ ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ നിയോഗിക്കാനും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുവരെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല.
.........................................................................
തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അവസാന നിമിഷം തിരക്കുപിടിച്ച് നടത്തുന്ന പണികൾ ഗുണനിലവാരമില്ലാത്തതാകും. ഇത് തീർത്ഥാടകരെ വലയ്ക്കും. അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം വിളിച്ച് ചേർത്ത് ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം
(ഭക്തജന കൂട്ടായ്മ)
........................................................................................................
1. പ്രളയാനന്തരം കുളിക്കടവുകൾ പലതും ചെളി നിറഞ്ഞ അവസ്ഥയിൽ
2. പാതയോരങ്ങൾ കാടുകൾ വളർന്ന് അപകട ഭീഷണി ഉയർത്തുന്നു
3. തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള സൗകര്യങ്ങൾ അപര്യാപ്തം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |