
പത്തനംതിട്ട : ഫോൺ കിട്ടാത്തതിന് ആത്മഹത്യ ചെയ്യുന്നവർ, നാടുവിടുന്നവർ, മുറിയിൽ അടച്ചിരിക്കുന്നവർ... വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് ഉദാഹരണങ്ങളാണിവ. അമിതമായ സ്‌ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ ഇനി സഹായത്തിനായി ഡി - ഡാഡ് പദ്ധതി രംഗത്തുണ്ട്. ഡിജിറ്റൽ ഡി അഡിക്ഷൻ എന്ന പേരിൽ കേരള പൊലീസ് സോഷ്യൽ പൊലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്വത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്.
കൗൺസലിംഗിലൂടെ കുട്ടികൾക്ക് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മോചനമാണ് ലക്ഷ്യം
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.
മനശാസ്ത്ര വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിംഗ്, മാർഗ നിർദ്ദേശങ്ങൾ എന്നിവ നൽകും.
ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ രക്ഷിതാക്കൾ, അദ്ധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നു.
വിളിക്കാം : 9497900200
" ഡി ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും"
പൊലീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |