വടശ്ശേരിക്കര: വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം അവഗണനയിൽ. പ്രധാന ഇടത്താവളമായിട്ടും തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡും അധികൃതരും തയാറാകുന്നില്ലെന്നാണ് ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും പരാതി പറയുന്നത്. കഴിഞ്ഞ 10വർഷമായി ക്ഷേത്രത്തിൽ അറ്റകുറ്റപ്പണി നടന്നിട്ടില്ല. ക്ഷേത്ര ഉപദേശക സമിതിയുടെ ഇടപെടലുകൾ കൊണ്ടു മാത്രമാണ് ശ്രീകോവിലും പരിസരവും നിലവിൽ വൃത്തിയാക്കിയത്. ഇതിനും ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ദേവസ്വം ബോർഡിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കഴകം ജീവനക്കാരനെ പോലും താത്കാലികമായി നിയമിക്കാൻ നടപടിയുണ്ടായിട്ടില്ല. നിലവിൽ ഒരു ശാന്തിയും മാനേജരും മാത്രമാണ് ഉള്ളത്. ബലിതർപ്പണം ഉൾപ്പെടെ നടക്കുന്ന ക്ഷേത്രക്കടവ് അപകട ഭീഷണിയിലാണ്. കടവുകളിലെ കൽപ്പടവുകൾ വൃത്തിയാക്കി കൈവരികൾ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്. തീർത്ഥാടന കാലത്ത് ക്ഷേത്രക്കടവ് അടച്ചിടുന്ന രീതി ഒഴിവാക്കണമെന്നും സുരക്ഷിതമായി മുങ്ങിക്കുളിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നുമാണ് ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്ത ജനങ്ങളുടെയും ആവശ്യം. കടവ് തുറന്നുകൊടുത്താൽ ക്ഷേത്രത്തിലെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും. കൂടാതെ, പഞ്ചായത്ത് എല്ലാ വർഷവും സ്വന്തം ചെലവിൽ ലൈഫ് ഗാർഡുകളെ നിയമിക്കുന്നതിനാൽ സുരക്ഷാ ആശങ്കകൾക്ക് വക ഇല്ലെന്നും ഉപദേശക സമിതി ചൂണ്ടിക്കാണിക്കുന്നു.
കിണറില്ല, കുടിവെള്ള ക്ഷാമം രൂക്ഷം
വർഷങ്ങൾക്ക് മുൻപ് ഭാരത് പെട്രോളിയം നിർമ്മിച്ചു നൽകിയ 10 ടോയ്ലെറ്റ് വൃത്തിയായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ക്ഷേത്രത്തിന് സ്വന്തമായി കിണറില്ലാത്തത് വലിയ പ്രതിസന്ധിയാണ്.വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിക്കുന്നതിനാൽ ഇടത്താവളത്തിൽ പലപ്പോഴും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാറുണ്ട്. വരാനിരിക്കുന്ന തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും കടവ് സുരക്ഷിതമാക്കി തുറന്നുകൊടുക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാണ്.
.....................................................................
പുഴയോര ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഭക്തർക്ക് വിശ്രമിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടത്.
സി.ആർ സോമനാഥൻ നായർ
(പ്രസിഡന്റ് ക്ഷേത്ര ഉപദേശക സമിതി)
..........................................................................
10 വർഷമായി അറ്റകുറ്റപ്പണിയില്ല
........................................................................
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |