തിരുവല്ല : കനത്തമഴയത്ത് പുളിക്കീഴിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസും തമിഴ് നാട്ടിൽ നിന്നെത്തിയ ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. തമിഴ് നാട് സ്വദേശികളായ ശെൽവരാജ്, വൈഷ്ണവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പരുമല ആശുപത്രിയിൽ ചികിത്സ തേടി. ഈ സമയം ഇതുവഴി കടന്നുപോയ ഒരു സൈക്കിൾ യാത്രക്കാരനും നിസാര പരിക്കേറ്റിട്ടുണ്ട്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു. തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. മുണ്ടക്കയത്തേക്ക് പോയ പൊൻകുന്നം ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസും എതിരെ പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ട്രാവലറിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെ മുമ്പ് ട്രാവലർ മറിഞ്ഞ് നെടുമ്പ്രം സ്വദേശിയായ യുവതി മരിച്ചിട്ടുണ്ട്.
അപകടം കൊടുവളവിൽ
തിരുവല്ല - കായംകുളം റോഡിൽ കൊടും വളവുകൾ ഏറെയാണ്. ഇന്നലെ അപകടം നടന്ന പുളിക്കീഴിൽ മാസങ്ങൾക്ക് മുമ്പ് ഡോക്ടറുടെ വാഹനമിടിച്ച് തലവടി സ്വദേശിയായ യുവാവ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കാവുംഭാഗത്തും പൊടിയാടിയിലും പുളിക്കീഴിലുമുള്ള വളവുകളിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. സംസ്ഥാന പാതയുടെ നിലവാരം ഉയർത്തി നിർമ്മിച്ചശേഷം അമിതവേഗത്തിൽ പായുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിന് കാരണമാകുന്നത്.
.................................
പൊടിയാടി മുതൽ പരുമല ഭാഗത്തേക്ക് കാൽനട യാത്രക്കാർക്ക് പോകാൻ പോലും ഇടമില്ല. വാഹനങ്ങൾ പെരുകിയതോടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.
(നാട്ടുകാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |