SignIn
Kerala Kaumudi Online
Sunday, 04 October 2026 3.46 AM IST

കനത്ത മഴ: റാന്നിയിൽ റോഡുകളിൽ വെള്ളക്കെട്ട്, വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

road-
കനത്ത മഴയിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി പഞ്ചായത്ത് പടിയിൽ ഒരടിയോളം വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ

റാന്നി: ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയെ തുടർന്ന് റാന്നിയിലെ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

പുനലൂർ - മൂവാറ്റുപുഴ റോഡിൽ റാന്നി പെരുമ്പുഴ, റാന്നി പഞ്ചായത്തുപടി എന്നിവിടങ്ങളിലും ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡിലെ താഴ്ന്ന നിലകളിലായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. സംസ്ഥാന പാതയിലെ ഓടകളിൽ കൂടി വെള്ളം കൃത്യമായി ഒഴുകാതെ റോഡിൽ കെട്ടി നിന്നതാണ് പെരുമ്പുഴ ഭാഗത്ത് വെള്ളം കയറാൻ കാരണം. എന്നാൽ ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡിന് നടുവിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞു ഒഴുകിയതാണ് ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. സംസ്ഥാന പാതയിൽ വെള്ളം കയറിയതോടെ നിരവധി ഇരുചക്ര കാൽ നട യാത്രക്കാർ ദുരിതത്തിലായി. വലിയ വാഹനങ്ങൾ വെള്ളത്തിലൂടെ പോയത് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചു കയറാൻ കാരണമായി. നിരവധി കടകളിൽ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഓടകളിൽ മണ്ണും ചെളിയും, അറ്റകുറ്റപ്പണിയില്ല

സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികളും പരിപാലനവും കൃത്യമായി നടക്കാത്തത് മൂലം ഓടകൾ മണ്ണും ചെളിയും നിറഞ്ഞു കൂടിയിരിക്കുകയാണ്. കൂടാതെ വശങ്ങളിൽ ഓടകളിലേക്ക് റോഡിൽ നിന്നും വെള്ളം ഒഴുകാൻ സ്ഥാപിച്ചിരിക്കുന്ന ചെറു ഓവുകൾക്ക് മേലെ കാടുകൾ വളർന്ന് നിൽക്കുന്ന സ്ഥതിയാണ്. ഇതാണ് ഇത്രയും വേഗത്തിൽ വെള്ളം കയറാൻ കാരണമെന്നാണ് വ്യപാരികളും നാട്ടുകാരും പറയുന്നത്. അടുത്ത ദിവസങ്ങളിൽ പെയ്തതിൽ വച്ച് ഏറ്റവും രൂക്ഷമായ മഴയ്ക്കാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. മഴയോടൊപ്പം അതി ശക്തമായ ഇടിമിന്നലും വലിയ രീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

‌

..................................................

ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സംസ്ഥാന പാതയുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം

പ്രസാദ് കുഴികാല

(പൊതു പ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL