
റാന്നി : ശനിയാഴ്ചയുണ്ടായ അതിതീവ്ര മഴയെത്തുടർന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പെരുമ്പുഴ ടൗണിനും എം.എസ് സ്കൂളിനും ഇടയിൽ ചരലും മണ്ണും ഒലിച്ചിറങ്ങിയത് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമായി. ശനിയാഴ്ച രാത്രി 11 മണിയോടെ പത്തനംതിട്ട ഭാഗത്തുനിന്ന് ഇട്ടിയപ്പാറയിലേക്ക് പോകുകയായിരുന്ന കാർ ചരലിൽ തെന്നി സമീപത്തെ വൈദ്യുത തൂണിൽ ഇടിച്ചശേഷം കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയും ഇതേസ്ഥലത്ത് നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. സംഭവമറിഞ്ഞ് എത്തിയ റാന്നി ഫയർഫോഴ്സ് റോഡിലെ മണ്ണും ചരലും കഴുകി നീക്കംചെയ്തശേഷമാണ് അപകടഭീഷണി ഒഴിവാക്കിയത്. സംസ്ഥാനപാതയിലെ ഓടകളുടെ നിർമ്മാണത്തിലുള്ള അപാകതയും പാതയുടെ കൃത്യമായ അറ്റകുറ്റപ്പണികളും പരിപാലനവും നടക്കാത്തതും റോഡിൽ വെള്ളക്കെട്ടാകാനും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളംകയറാനും കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്.
കടകളിൽ വെള്ളംകയറി
അപ്രതീക്ഷിതമായി പെയ്ത മഴയിൽ എട്ട് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. രണ്ടു ദിവസമായി കടകൾ തുറക്കാനാകുന്നില്ല. ആഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ ഇവിടെ വെള്ളം കയറിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |