SignIn
Kerala Kaumudi Online
Monday, 05 October 2026 1.39 AM IST

കോലറയാറിനായി പഠനയാത്ര

study-tour
കോലറയാറിന്റെ പുനരുജ്ജീവനത്തിനായി പഠനയാത്ര നടത്തുന്നു

തിരുവല്ല : പമ്പാനദിയിൽ നിന്ന് തുടങ്ങി പത്ത് കിലോമീറ്റർ ഒഴുകി വീണ്ടും പമ്പയിൽ സംഗമിക്കുന്ന കോലറയാർ പുനരുജ്ജീവിപ്പിക്കുന്നതിനായി നിരണം, കടപ്ര പഞ്ചായത്ത് അധികാരികളും പരിസ്ഥിതി പ്രവർത്തകരും ഭാരവാഹികളും ചേർന്ന് പഠനയാത്ര നടത്തി.

കടപ്ര പഞ്ചായത്തിലെ അറയ്ക്കൽ മുയപ്പിൽ നിന്ന് ആരംഭിച്ച് നിരണം പഞ്ചായത്തിലെ തേവേരി വരെയാണ് കോലറയാർ ഒഴുകുന്നത്. ചെളിയും മാലിന്യവും എക്കലും അടിഞ്ഞുകൂടി ആറിന്റെ സ്ഥിതി പലയിടത്തും പരിതാപകരമാണ്. പോളയും പായലും നിറഞ്ഞ് കിടക്കുന്നതിനാൽ ഒഴുക്കുംനിലച്ചു. ചിലയിടങ്ങളിൽ നൂറ് മീറ്റർ വരെ വീതിയുണ്ടായിരുന്ന ആറിന്റെ പലഭാഗങ്ങളിലും കൈയേറ്റവും വ്യാപകമാണ്. മൂന്നര പതിറ്റാണ്ടായി ആറിന്റെ സംരക്ഷണത്തിനായി പലവിധ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനായി കോടിക്കണക്കിന് രൂപയും ചെലവിട്ടു. നാട്ടുകാർ പിരിവെടുത്തും പായലും പോളയും ചെളിയും നീക്കി. ഇനിയും ഒരു മാസത്തെയെങ്കിലും മാലിന്യനീക്കം അനിവാര്യമാണ്. നാട്ടുകാരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും പണം സ്വരൂപിച്ചാണ് ആറിന്റെ പുനരുജ്ജീവനം നടന്നുവരുന്നത്.

എന്നാൽ കോലറയാറിന്റെ സുഗമമായ ഒഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവനത്തിന് ഇനിയും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ആഴവും വീതിയും കൂട്ടി തോടിന്റെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. ആറിന്റെ യഥാർത്ഥ സ്ഥിതി കണ്ടറിയാൻ തോട്ടിലൂടെ യാത്ര നടത്തി പുനരുജ്ജീവന പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുടെ സഹായങ്ങൾ നേടിയെടുക്കാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, വൈസ് പ്രസിഡന്റ് റെന്നി തോമസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ, പഞ്ചായത്തംഗം ജോസ് വി.ചെറി, കോലറയാർ പുനരുജ്ജീവന പദ്ധതി ചെയർമാൻ ഏബ്രഹാം പുതുക്കേരി, വിനോദ സഞ്ചാര സംരക്ഷണ സമിതി ചെയർമാൻ ഫിലിപ്പ് ജോർജ്, മാദ്ധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL