തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ നിന്ന് കൈവിലങ്ങൂരി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11നാണ് പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മൂന്ന് ദിവസമായി പൊലീസ് നടത്തിയ തെരച്ചിൽ ഇയാളുടെ വീടിന് അടുത്തുള്ള ചതുപ്പ് സ്ഥലത്ത് നിന്ന് ഇന്നലെ വൈകിട്ട് 5.30നാണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് സജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സ്റ്റേഷനിൽ ലോക്കപ്പുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിലാണ് പ്രതിയുടെ കൈവിലങ്ങ് ബന്ധിപ്പിച്ചിരുന്നത്. രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് വിലങ്ങൂരിയ ഇയാൾ മുൻ വാതിലിൽക്കൂടി ഓടിപ്പോവുകയായിരുന്നു. പാറാവുകാരൻ ഉൾപ്പെടെയുള്ള പൊലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും തിരുവല്ല - കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്നുള്ള കാട്ടിലേക്ക് ഓടി ഇയാൾ രക്ഷപെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് സജിത്ത്. ചോദ്യം ചെയ്യലിനായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് തിരുവല്ല ഡിവൈ.എസ്.പി പി.ആർ.സന്തോഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |