ചെന്നീർക്കര: കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ തൃക്കുന്നാമുരുപ്പിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുന്നത് നിറുത്തിവച്ചു. പകരം ജൽജീവൻ മിഷൻവഴി കുടിവെള്ളമെത്തിക്കാൻ ഉമ്മണിക്കാവിൽ തുടങ്ങിയ ടാങ്ക് നിർമ്മാണവും നിലച്ചു. ഇതോടെ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും തകർന്നു വീഴാറായ പഴയ ടാങ്ക് പൊളിച്ചു നീക്കാത്തത് കാരണം സമീപവാസികൾ അപകട ഭീഷണിയിലാണ്. കാലപ്പഴക്കത്തെ തുടർന്ന് വാട്ടർ ടാങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ തുരുമ്പെടുത്തു. ടാങ്കിനെ താങ്ങി നിറുത്തുന്ന തൂണുകളുടെ ചുവടുഭാഗം അടർന്നു വീണ് വിണ്ടു കീറിയും കമ്പികൾ തെളിഞ്ഞു. ഇതോടെ ഏതു നിമിഷവും നിലംപൊത്താറായ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തു കയറ്റുന്നത് ജല അതോറ്റി അധികൃതർ നിറുത്തിവച്ചു. പകരം ടാങ്കിലേക്കുള്ള വാൽവ് അടച്ച ശേഷം ജലവിതരണ പൈപ്പുകളിലേക്ക് വെള്ളം തിരിച്ചുവിട്ടു. ഇതോടെ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രക്കാനം മുട്ടുകുടുക്ക പോലുള്ള ഭാഗങ്ങളിലേക്ക് ജലം എത്താതെയായി. കാലങ്ങളായി അച്ചൻകോവിലാറ്റിലെ മുറിപ്പാറ തോമ്പിൽ കടവിൽ നിന്ന് പമ്പു ചെയ്ത് ശുദ്ധീകരിച്ച വെള്ളമാണ് തൃക്കുന്നാ മുരുപ്പിലെ വലിയ വാട്ടർ ടാങ്കിലെത്തിച്ച ശേഷം ചെന്നീർക്കര ഗ്രാമപഞ്ചായത്തിലും ഇലവുംതിട്ട, മഞ്ഞണിക്കര, ഊന്നുകൽ ഭാഗങ്ങളിലും വിതരണം ചെയ്തിരുന്നത്.
പുതിയ കുടിവെള്ള പദ്ധതി, പണി പാളി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജൽജീവൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ എം.എൽ.എ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും സംയുക്തമായി 60ലക്ഷം രൂപ വകയിരുത്തി. ഈ പണം ഉപയോഗിച്ച് പഞ്ചായത്തിലെ ആറാം വാർഡിൽ 96സെന്റ് സ്ഥലം വാങ്ങി. ഇവിടെ കുടിവെള്ള ടാങ്ക് നിർമ്മിച്ച ഗ്രാമപഞ്ചായത്തിലും പഞ്ചായത്തിന്റെ സമീപ വാർഡുകളിലും കുടിവെള്ളം എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി വാട്ടർ അതോറിറ്റി പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഭരണാറ്റം ഉണ്ടായതോടെ നിർമ്മാണം നിലച്ചു.
......................
വിണ്ടുകീറി, കമ്പികൾ തെളിഞ്ഞു
...................................................
വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് ഇതിലേക്കുള്ള ജലസംഭരണം നിറുത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തയാറായത്. ഫണ്ടില്ലെന്ന കാരണം ചൂണ്ടികാട്ടി ടാങ്ക് പൊളിച്ചു നീക്കാതിരിക്കുന്നത് പ്രദശവാസികൾക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മധു.എം.ആർ
ഗ്രാമപഞ്ചായത്ത് അംഗം
ചെന്നീർക്കര
.....................
നിരവധി കുടുംബങ്ങളാണ് ഈ ടാങ്കിന് സമീപം താമസിക്കുന്നത്. 15വർഷം പിന്നിട്ടിട്ടും ടാങ്ക് പൊളിച്ചുമാറ്റാത്തത് മനുഷ്യാവകാശ ലംഘനമാണ്.
സോമൻ
(സമീപവാസി)
..........................................
കുടിവെള്ള ടാങ്ക് നിർമ്മിച്ചത് - 1979ൽ
ടാങ്ക് അപകടാവസ്ഥയിലായിട്ട് - 15വർഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |