റാന്നി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.
റാന്നി ഏഴാം വാർഡിലെ പുതുശ്ശേരിമലയിൽ ആളില്ലാത്ത പുരയിടത്തിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി വീണത്. ശബ്ദം കേട്ട് അയൽവാസികളാണ് പന്നിയെ കണ്ടത്. തുടർന്ന് വാർഡ് മെമ്പർ ഓമനയുടെ നേതൃത്വത്തിൽ പന്നിയെ കയറിൽ കുരുക്കിട്ട് പിടികൂടി പഞ്ചായത്ത് എംപാനൽഡ് ഷൂട്ടറെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. ഇതിനെ ശാസ്ത്രീയ മാർഗത്തിലൂടെ മറവു ചെയ്തു. ഇതിനു തൊട്ടുമുമ്പ്, റാന്നി പഞ്ചായത്തിലെ എട്ടാം വാർഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വാർഡ് മെമ്പർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇതിനെ മറവ് ചെയ്തു.
ഭീതിയിൽ നാട്ടുകാർ
റാന്നിയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണവും ശല്യവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. മൂന്ന് മാസം മുമ്പ് നടുറോഡിലൂടെ വിരണ്ടോടിയ കാട്ടുപന്നി പ്രദേശത്തെ സൂപ്പർമാർക്കറ്റിൽ കയറി കടഉടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ, ഒരു മാസം മുമ്പ് പഴവങ്ങാടി പഞ്ചായത്തിലെ ചെത്തോങ്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിമുക്തഭടന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം.
(നാട്ടുകാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |