SignIn
Kerala Kaumudi Online
Sunday, 20 September 2026 6.32 AM IST

കള്ളുഷാപ്പുകളിൽ എക്സൈസിന്റെ മാസപ്പടി, തൊഴിലാളികൾ മന്ത്രിക്ക് പരാതി നൽകി

crime

തിരുവല്ല : കച്ചവടമില്ലാതെ പൊറുതിമുട്ടിയ കള്ളുഷാപ്പുകളിൽ നിന്ന് ചില എക്സൈസ് ഉദ്യോഗസ്ഥർ നിർബന്ധമായി മാസപ്പടി പിരിക്കുന്നതായി പരാതിയുയരുന്നു. തിരുവല്ല എക്സൈസ് സർക്കിളിന്റെ പരിധിയിൽ മാസംതോറും പതിനായിരത്തോളം രൂപവീതം പിരിച്ചെടുക്കുന്നതായി എക്സൈസ് മന്ത്രിക്കും കമ്മിഷണർക്കും തൊഴിലാളികൾ പരാതി നൽകി. തിരുവല്ല മേഖലയിൽ മുമ്പ് 28 കള്ളുഷാപ്പുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കച്ചവടം കുറഞ്ഞതോടെ നിലവിൽ 16 എണ്ണം മാത്രമേയുള്ളൂ. ഇതിൽ 9 എണ്ണം മാത്രമാണ് വ്യക്തികൾ നടത്തുന്നത്. ബാക്കിയുള്ളവ യൂണിയൻ തൊഴിലാളികൾ നേരിട്ട് നടത്തുകയാണ്. കൊവിഡ് കാരണം കച്ചവടം കുത്തനെയിടിഞ്ഞതോടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ് ഭൂരിഭാഗം ഷാപ്പുകളും. ആഹാരത്തിന്റെ വിൽപ്പനയും കുറഞ്ഞതായി തൊഴിലാളികൾ പറഞ്ഞു. വരുമാനം കുറഞ്ഞതിനാൽ മിക്കയിടത്തും ജോലിക്കാർക്ക് പകുതി ശമ്പളമാണ് നൽകിവരുന്നത്. ഇതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയും ഭീഷണിപ്പെടുത്തലും പണപ്പിരിവും. റേഞ്ച്, സർക്കിൾ ഓഫീസുകളിൽ നിന്ന് സ്‌ക്വാഡ് പരിശോധന നടക്കാറുണ്ട്. ഓരോതവണ വരുമ്പോഴും 600 രൂപവീതം വാങ്ങും. ഇതുകൂടാതെയാണ് മാസപ്പടിയും. റേഞ്ച് ഓഫീസിലേക്ക് മാസം 5000 രൂപയും സർക്കിൾ ഓഫീസിലേക്ക് 4000 രൂപയും ഷാപ്പ് നടത്തിപ്പുകാരിൽ നിന്ന് എക്സൈസ് ജീവനക്കാർ നിർബന്ധമായി പിരിച്ചെടുക്കുന്നതായും മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. എല്ലാമാസവും പകുതിയാകുമ്പോഴാണ് പണപ്പിരിവ് നടക്കുന്നത്. ഇതിനായി ഫോണിൽ വിളിച്ചിട്ടും നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ഭീഷണിയുമായെത്തും. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ പരാതിയിൽ ആവശ്യപ്പെടുന്നു.

സാമ്പിളെടുത്ത് ഭീഷണിപ്പെടുത്തൽ
മാസംതോറും കള്ളിന്റെ സാമ്പിൾ ശേഖരിച്ച് എക്സൈസ് സംഘം പരിശോധിക്കാറുണ്ട്. സാമ്പിൾ ശേഖരിച്ച് കൊണ്ടുപോകുമ്പോൾ അത് എക്‌സൈസിന്റെ ബുക്കിൽ രേഖപ്പെടുത്തും. ശേഖരിക്കുന്ന സാമ്പിളിന്റെ ഒരുഭാഗം ഷാപ്പ് നടത്തിപ്പുകാർക്ക് മുദ്രവെച്ചു കൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. പൊലീസ് പരിശോധിക്കുമ്പോൾ ഇങ്ങനെ നൽകാറുണ്ട്. എന്നാൽ എക്സൈസ് ഇങ്ങനെ ചെയ്യാറില്ല. ഇതുകാരണം മാസപ്പടി നൽകാതിരുന്നാൽ സാമ്പിളിൽ മായംകലർത്തി എക്സൈസ് കേസെടുക്കുമോയെന്നും ഷാപ്പ് ഉടമകൾ ഭയപ്പെടുന്നു. കള്ളുഷാപ്പിന്റെ സമീപങ്ങളിൽ കുറഞ്ഞവിലയുള്ള വിദേശ മദ്യവിൽപ്പനയും വ്യാപകമാണ്. വാഹനങ്ങളിലും മറ്റുംഎത്തിച്ച് ആവശ്യാനുസരണം വിൽപ്പന നടക്കുന്നതിനെതിരെ പരാതിപെട്ടാലും നടപടിയെടുക്കാതെ ഈമേഖലയെ തകർക്കുന്ന സമീപനമാണ് എക്സൈസ് സ്വീകരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

റേഞ്ച് ഓഫീസിലേക്ക് മാസം 5000 രൂപയും

സർക്കിൾ ഓഫീസിലേക്ക് 4000 രൂപയും

ഷാപ്പ് നടത്തിപ്പുകാരിൽ നിന്ന്

എക്സൈസുകാർ നിർബന്ധമായി

പിരിക്കുന്നതായി പരാതിയുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL