SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.21 AM IST

ബലമേറിയ പാളങ്ങളെത്തുന്നു; ഇനി ട്രെയിനുകൾ കുതിച്ചുപായും

READ ENGLISH VERSION
rr

തിരുവനന്തപുരം: മണിക്കൂറിൽ 160 കിലോമീറ്റർ കുതിച്ചുപായുന്ന വിധത്തിൽ ട്രാക്കുകൾ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ റെയിൽവേയുടെ നേതൃത്വത്തിൽ നിലവിലുള്ള പാളങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തികളുടെ ആദ്യഘട്ടം കൊച്ചുവേളി മുതൽ പേട്ടവരെ പുരോഗമിക്കുന്നു.
ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള റെയിൽ പാളങ്ങളാണ് ഇന്നലെ പേട്ടയിലെത്തിച്ചത്. 52 ഗേജുള്ള ഇരുമ്പ് പാളങ്ങൾ കൊണ്ടാണ് നിലവിലെ ട്രാക്ക് പണിതിരിക്കുന്നത്. എന്നാൽ ട്രെയിനുകൾക്ക് വേഗത കൂട്ടണമെങ്കിൽ ഈ പാളങ്ങൾ മതിയാകില്ല. 50 മീറ്റർ നീളമുള്ളതും 60 ഗേജുള്ളതുമായ ഇരുമ്പ് പാളമാണ് പുതുതായെത്തിച്ചത്.

ചെന്നൈയിലെ ശാന്താ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് പാളങ്ങൾ മാറ്റുന്നതിന്റെ കരാറേറ്റെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ ട്രെയിൻ സമയങ്ങൾ ക്രമീകരിച്ച് പാളങ്ങൾ മാറ്റിയിടുന്ന ജോലി ആരംഭിക്കും. മാസങ്ങളോളം ഇതിനായി വേണ്ടിവരുമെന്ന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മാറ്റിയിടുന്നത് ഇങ്ങനെ

തുറന്ന ചരക്ക് ട്രെയിനിൽ നിരനിരയായി പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്റുകളിലാണ് പാളങ്ങൾ അടുക്കിയിട്ടുള്ളത്. ട്രെയിനിന്റെ ഏറ്റവും പിറകിൽ ഇരുഭാഗത്തായി സജ്ജമാക്കിയിട്ടുള്ള പ്രത്യേക ചതുര അറയിലൂടെയാണ് ഒരേസമയം രണ്ടുപാളങ്ങളും ട്രാക്കിലേക്ക് നിക്ഷേപിക്കുന്നത്. ഒരെണ്ണത്തിന് പിറകെ മറ്റൊന്ന് എന്ന നിലയിൽ കട്ടിയേറിയ ചങ്ങലയിൽ കൊരുത്താണ് പാളങ്ങൾ നിക്ഷേപിച്ചത്. നിലവിലെ ട്രാക്കിൽ നിന്ന് രണ്ടടി വ്യത്യാസത്തിലാണ് പുതിയ പാളങ്ങൾ ഇട്ടിട്ടുള്ളത്.

പുതിയ പാളങ്ങൾ ട്രാക്കിലെത്തിക്കുന്നത് പ്രദേശവാസികൾക്കെല്ലാം കൗതുക്കാഴ്ചയായിരുന്നു. ഏലസാ....ഏലേലസാ ....എന്നുപാടി കൂറ്റൻ പാളങ്ങൾ ട്രെയിൻ ഗതാഗതത്തിന് തടസ്സമാകാതിരിക്കാൻ ഖലാസികളെപ്പോലെ കായബലമുള്ള തൊഴിലാളികൾ മാറ്റിയിടുന്ന രംഗം കണ്ടുനിന്നവരെല്ലാം മൊബൈൽ ഫോണുകളിൽ പകർത്തി. പാളങ്ങൾ കൊണ്ടുവന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റും ട്രെയിനിന്റെ ഏറ്റവും പിറകിലായി മേൽനോട്ടം വഹിക്കുന്നയാളുമായി വാക്കി ടോക്കി വഴി ആശയവിനിമയം നടത്തിയാണ് ട്രെയിൻ മുന്നോട്ടെടുക്കുന്നത്. ട്രെയിൻ മുന്നോട്ടുനീങ്ങുന്നതനുസരിച്ച് താഴെ പാളങ്ങൾ വീഴുന്നതാണ് രീതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL