SignIn
Kerala Kaumudi Online
Saturday, 24 October 2026 7.15 AM IST

വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം ഉടൻ മൂന്ന് റീച്ചുകളായി നിർമ്മാണം

തിരുവനന്തപുരം: കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം ഉടൻ ആരംഭിക്കും. മൂന്ന് റീച്ചുകളിലായിട്ടാണ് നിർമ്മാണം. ഒന്നാം റീച്ചിൽ ഏറ്റെടുത്ത പ്രദേശത്തെ 220 നിർമ്മിതികൾ ഉടൻ പൊളിച്ചുനീക്കും.റോഡ് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളും സ്വീകരിക്കും. വട്ടിയൂർക്കാവിൽ പുനഃരധിവാസ പദ്ധതിക്കായി 2.15 ഏക്കർ സ്ഥലമേറ്റെടുക്കുന്നതിനുമാത്രം 89 കോടിയാണ് ചെലവിട്ടത്.

ഇവിടെ ട്രിഡയേറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിച്ച് നീക്കിക്കഴിഞ്ഞു. ഭരണാനുമതിക്കായി ഡി.പി.ആർ സമർപ്പിച്ചിരിക്കുകയാണ്.അനുമതികൾ ലഭിച്ചാൽ ഈ വർഷം തന്നെ പുനഃരധിവാസ പദ്ധതിയുടെ കെട്ടിടം പണി തുടങ്ങും.ഇവിടെയുള്ള ബാക്കി സ്ഥലത്ത് കടക്കാരുടെ പുനഃരധിവാസം,ഷോപ്പിംഗ് കോംപ്ലക്സ്,ഓഫീസ് സ്പേസ്,പാർക്ക്,തിയേറ്റർ,മീറ്റിംഗ് സ്ഥലം,ടോയ്‌ലെറ്റ് സംവിധാനങ്ങളും വരും.

റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടമാകുന്ന വട്ടിയൂർക്കാവ് ഗവ.എൽ.പി.എസിന് സി ആപ്ടിന് എതിർവശത്തെ ബ്ലോക്ക് ഓഫീസ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന എൻ.ഇ.എസ് കോമ്പൗണ്ടിലെ 70സെന്റ് സ്ഥലത്ത് നിന്ന് 50സെന്റ് അനുവദിച്ചു. കെട്ടിട നിർമ്മാണത്തിന് പ്രാഥമികമായി വി.കെ.പ്രശാന്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 76 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ഥലം വിട്ടുനൽകിയശേഷം സ്കൂൾ കോമ്പൗണ്ടിൽ അവശേഷിക്കുന്ന 11 സെന്റ് സ്ഥലത്ത് എൻ.ഇ.എസ് ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന വിവിധ സർക്കാർ ഓഫീസുകൾക്കായി കെട്ടിടം നിർമ്മിക്കും. ഇതിനായി 2024-25 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 3 കോടി വകയിരുത്തിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ട 600ഓളം കടക്കാരിൽ 60 പേർ മാത്രമാണ് ഇനി നഷ്ടപരിഹാരം വാങ്ങാനുള്ളത്. കട വേണമെന്ന് പറഞ്ഞവർ‌ക്ക് പുതിയ പുനഃരധിവാസ കേന്ദ്രത്തിൽ വാടകയിളവുകളോടെ കട നൽകുന്നതിനും കരാറായിട്ടുണ്ട്.

കിഫ്ബിയുടെ പദ്ധതികളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനഃരധിവാസം ഉറപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതി

പദ്ധതിച്ചെലവ് - 823 കോടി

ആകെ റോഡ് - 10.825 കി.മീറ്റർ ദൂരം

വീതി - 18.5 മീറ്റർ

ഒന്നാം റീച്ച് - ശാസ്തമംഗലം മുതൽ പേരൂർക്കട വരെ, 3.85 കി.മീറ്റർ

രണ്ടാം റീച്ച് - മണ്ണറക്കോണം മുതൽ പേരൂർക്കട വരെ, 3.25 കി.മീറ്റർ

മൂന്നാം റീച്ച് - മണ്ണറക്കോണം-നെട്ടയം-മുക്കോല-വഴയില, 3.8 കി.മീറ്റർ

പദ്ധതി രണ്ട് ഭാഗങ്ങളായി

1) വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്

2) ഒഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിന്.

രണ്ട് നിർവഹണ ഏജൻസികൾ

കേരള റോഡ് ഫണ്ട് ബോർഡ്, ട്രിഡ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL