SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

പൊൻമുടി-വിതുര റോഡിൽ അപകടങ്ങൾ തുടർക്കഥ

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. തൊളിക്കോട് മുതൽ പൊൻമുടി വരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ സഞ്ചരിക്കുന്ന പ്രധാനപാതയാണിത്. കഴിഞ്ഞദിവസം പൊൻമുടിയിൽ കാർ തലകീഴായിമറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതേദിവസം മന്നൂർക്കോണത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തൊട്ടടുത്ത ദിവസം വിതുര ചേന്നൻപാറ ജംഗ്ഷനിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് വിതുര സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

സംസ്ഥാനപാത അപകടപ്പാതയായി മാറുമ്പോൾ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ അധികാരികൾ ശ്രമിക്കാറില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്.

വാഹനങ്ങൾ ചീറിപ്പായുന്നു

തിരക്കേറിയ പൊൻമുടി റൂട്ടിൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നും പൊൻമുടി സന്ദർശിക്കാൻ കാറിലെത്തിയ യുവാക്കൾ തലയും കൈകാലുകളും കാറിന് പുറത്തേക്കിട്ട് അപകടകരമായ രീതിയിലാണ് സഞ്ചരിച്ചത്. നേരത്തെ ഇത്തരത്തിൽ സഞ്ചരിച്ച സംഘത്തെ പൊലീസ് പിടികൂടി 25000 രൂപ പിഴചുമത്തിയിരുന്നു. പൊൻമുടി റൂട്ടിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമാണ്. നേരത്തേ ഹൈവേ പൊലീസ് പൊൻമുടി റൂട്ടിൽ ശക്തമായ പരിശോധനകൾ നടത്തിയിരുന്നു. അമിതവേഗതയിൽ പായുന്നവരെ പിടികൂടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

മരണങ്ങൾ അനവധി

പൊൻമുടി സംസ്ഥാനപാതയിൽ അമിതവേഗവും അശ്രദ്ധയും മൂലം അനവധി അപകടമരണങ്ങളാണ് നടന്നത്. മൂന്ന് വർഷത്തിനിടയിൽ ഏഴ് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. ചേന്നൻപാറ, തോട്ടുമുക്ക്,പുളിമൂട്,തൊളിക്കോട്,മന്നൂർക്കോണം,വിതുര,ശിവൻകോവിൽജംഗ്ഷൻ എന്നിവിടങ്ങളിലാണ് അപകടമരണങ്ങൾ നടന്നത്. ബൈക്ക്, കാർ അപകടങ്ങളിൽ പരിക്കേറ്റവർ ഇരുനൂറോളമാണ്. അമിതവേഗക്കാരെ പിടികൂടി പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL