തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരിൽ ആദ്യ പട്ടികയിൽ ഇടം നേടിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഈ മാസവും കെട്ടിടങ്ങളും മറ്റും നിർമ്മിതികളും നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം അടുത്ത മാസവും വിതരണം ചെയ്തേക്കും.
പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം ഉൾപ്പെടെയുള്ള നിർമ്മിതികൾ ഇല്ലാത്തവർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം ലഭിക്കുക.
കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മിതികളുടെ കാലപ്പഴക്കം പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് കെട്ടിടങ്ങളോടു കൂടിയുള്ള ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം വൈകുന്നതിനു കാരണം.
നേരത്തെ തന്നെ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചെങ്കിലും അതിൽ സംശയമുള്ളവ ഉടമകൾക്കു നോട്ടീസ് നൽകി കൃത്യമാക്കിയ ശേഷമാണ് ദേശീയപാത അതോറിട്ടിക്കു കൈമാറുന്നത്. പദ്ധതിക്കു വേണ്ടതിൽ 50 ശതമാനം ഭൂമിയേറ്റെടുത്ത് കഴിഞ്ഞാൽ ടെൻഡർ നടപടികൾ ആരംഭിക്കും.
110 പേർക്ക്
നേരത്തെ പ്രസിദ്ധീകരിച്ച ഭൂമി ഏറ്റെടുക്കലിന്റെ അവസാനഘട്ട വിജ്ഞാപനത്തിൽ (3ഡി) ഉൾപ്പെട്ട 100 ഹെക്ടർ ഭൂമിയുടെ ഉടമകൾക്കാണ് നഷ്ടപരിഹാര വിതരണം തുടങ്ങുന്നത്.110 പേരുടെ പട്ടികയാണ് ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്ന വിഭാഗം ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർക്കു സമർപ്പിച്ചത്.ഈ പട്ടിക റീജിയണൽ ഓഫീസർ പരിശോധിച്ച് അംഗീകാരം നൽകിയാൽ ദേശീയപാത അതോറിട്ടിക്കു കൈമാറി നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ തുടങ്ങും. ഈ മാസം അവസാനവാരത്തോടെ ഈ നടപടികളെല്ലാം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പൂർത്തിയാകാതെ
നിർമ്മിതികളുടെ പരിശോധന ഈ മാസം 25നു മുൻപു പൂർത്തിയാക്കാനും ദേശീയപാത അതോറിട്ടി നിർദേശം നൽകിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് 25ന് പൊതുമരാമത്ത് വകുപ്പിനു നൽകാനും വകുപ്പിന്റെ അന്തിമ റിപ്പോർട്ട് 31ന് മുൻപ് ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിനു കൈമാറാനുമാണ് റിംഗ് റോഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. നാലായിരത്തിലേറെ പേർക്കാണ് ഈ പട്ടിക പ്രകാരം നഷ്ടപരിഹാരം ലഭിക്കുക.
ഭാഗികമായെങ്കിലും
വെങ്ങാനൂർ, പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിൽ നിന്നു മാത്രമാണ് ഇതുവരെ കെട്ടിടങ്ങളുടെ മൂല്യനിർണയ റിപ്പോർട്ട് ഭാഗികമായെങ്കിലും ലഭിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |