
കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്തെ കാർ സ്പെയർ പാർട്സ് സ്ഥാപനത്തിന്റെ വരാന്തയിൽവച്ച് പണം തട്ടിയെടുക്കാനായി വൃദ്ധനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് തക്കല കറുങ്കൽ ചിറക്കാട്ടുവിളയിൽ ബിജു(22) ആണ് പിടിയിലായത്. തക്കലയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഏപ്രിൽ 19ന് മറ്റൊരു വൃദ്ധനെ പാരിപ്പള്ളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ബിജുവാണെന്ന് സംശയിക്കുന്നു. ഇയാൾ സീരിയൽ കില്ലറാണെന്നും പൊലീസിന് സംശയമുണ്ട്.
മേയ് 24ന് അർദ്ധരാത്രി കൊല്ലം മുണ്ടയ്ക്കൽ ഊരമ്പള്ളി പത്മവിലാസത്തിൽ രാജേന്ദ്രനെ (65) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിൽ തമിഴ്നാട്ടിലെ വാൽപ്പാറയിൽ നിന്നാണ് വിജുവിനെ പിടികൂടിയത്. രാജേന്ദ്രൻ നഗരത്തിൽ കാൽനടയായി സഞ്ചരിച്ച് ലോട്ടറി വില്പന നടത്തിവരികയായിരുന്നു. സ്ഥലത്തെത്തിയ ബിജു രാജേന്ദ്രന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഷർട്ട് ഉപയോഗിച്ച് രാജേന്ദ്രനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കടയ്ക്കും മതിലിനും ഇടയിലേക്ക് മാറ്റിയശേഷം രാജേന്ദ്രന്റെ ബാഗുമായി കടന്നു.
പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിവരം തമിഴ്നാട് പൊലീസിനും കൈമാറി. ഇന്നലെ രാവിലെ ബിജു വാൽപ്പാറയിൽ കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചതോടെ കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. കൊലയ്ക്കുശേഷം കൊല്ലത്ത് നിന്ന് ലോറിയിൽ കയറി തെന്മലയിലെത്തി ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചാണ് ബിജു തമിഴ്നാട്ടിലേക്ക് കടന്നത്. തെന്മലയിലെ ഹോട്ടലിൽനിന്ന് ബിജുവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തക്കലയിലെ കൊലപാതകത്തിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
എത്തിയത് 3
ദിവസം മുമ്പ്
കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പാണ് ബിജു കൊല്ലത്ത് എത്തിയതെന്നാണ് വിവരം. നഗരത്തിൽ കറങ്ങിനടന്ന് യാചിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യപിക്കുന്നതായിരുന്നു ശീലം. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു കടവരാന്തയിൽ ഉറങ്ങുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ പാന്റ്സും ഷർട്ടും മോഷ്ടിച്ച് അത് ധരിച്ചാണ് രക്ഷപ്പെട്ടത്. കൊല്ലം എ.സി.പി പി.ആർ.രാജേഷ്, കൊല്ലം ഈസ്റ്റ് സി.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |