
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനിലയിൽ,മഴ പെയ്താൽ റോഡ് പുഴയാകും.സമീപ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറും.സ്കൂൾ കുട്ടികളടക്കം ചെളി വെള്ളത്തിലൂടെ നടന്നാണ് പോകുന്നത്.
ദേശീയപാതയിൽ ഇരുപത്തെട്ടാംമൈൽ ജംഗ്ഷനിൽ നിന്ന് പള്ളിക്കൽ ഭാഗത്തേയ്ക്കുള്ള പ്രധാന പാതയിലാണ് ഈ ദുരവസ്ഥ.മഴ പെയ്താൽ ദിവസങ്ങളോളം റോഡ് വെള്ളത്തിനടിയിലാണ്.ദീർഘനാളായി ഇതാണ് അവസ്ഥ.
റോഡ് പുനർനിർമ്മാണം കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല.റോഡ് നിർമ്മിക്കുമ്പോൾ ഇവിടത്തെ വെള്ളക്കെട്ടിന്റെ വിഷയം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നിട്ടും പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ചെളി വെള്ളത്തിലൂടെ സ്ഥിരം നടക്കുന്ന പലർക്കും കാലുകളുടെ വിരലിനിടയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്.മഴ ശക്തി പ്രാപിക്കുമ്പോൾ വീടുകളിൽ വെള്ളം കയറും.പരാതികൾ കൂടുമ്പോൾ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ നടപടിയെന്നും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |