SignIn
Kerala Kaumudi Online
Thursday, 18 June 2026 1.28 PM IST

ബി.ജെ.പി കൗൺസിലർ സുഗതനെതിരെ 19 കേസുകൾ

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലറായ ബി.ജെ.പിയിലെ സുഗതനെതിരെ വധശ്രമം ഉൾപ്പടെ 19 ക്രിമിനൽ കേസുകളെടുത്ത് പൊലീസ്. ലഹളയുണ്ടാക്കൽ,പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ,തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തൽ അടക്കമുള്ള കേസുകളാണുള്ളത്.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിലാണ് സുഗതനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ കളക്ടർ ഉത്തരവിട്ടത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതനുള്ളത്. കേസുകളിൽ 18 എണ്ണവും വട്ടിയൂർക്കാവ് സ്റ്റേഷനിലാണ്. ഒരെണ്ണം നെടുമങ്ങാട്ടും. 2014ന് ശേഷമാണ് കേസുളെല്ലാം.

അടുത്തിടെ വെള്ളൈക്കടവിൽ ക്ഷേത്രോത്സവത്തിനിടെ നടന്ന അക്രമത്തിന് പിന്നാലെയാണ് സുഗതനെതിരെ കാപ്പ ചുമത്തിയത്. കേസിൽ ഒളിവിലായിരുന്ന സുഗതൻ ചൊവ്വാഴ്ച രാത്രി 9.30ഓടെ വീടിന്റെ പരിസരത്ത് എത്തിയെയെന്ന് മനസിലാക്കിയ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റ‌ഡിയിലെടുക്കുകയായിരുന്നു.

വട്ടിയൂർക്കാവ് എസ്.എച്ച്.ഒയുടെ

വീട്ടിലേക്ക് യുവമോർച്ചയുടെ പ്രതിഷേധം

അതേസമയം സുഗതനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്‌തെന്ന് ആരോപിച്ച് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. യുവമോർച്ച വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബി.ജെ.പി സിറ്റി ജില്ലാ ജന.സെക്രട്ടറി പാപ്പനംകോട് സജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്,കൗൺസിലർ ഗിരി കുമാർ,ബി.ജെ.പി സിറ്റി ജില്ല ട്രഷറർ കൃഷ്ണകുമാർ,യുവമോർച്ച സിറ്റി ജില്ല പ്രസിഡന്റ് കെ.വിഷ്ണു,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ,അഭിലാഷ്,എസ്.ശ്രീജിത്ത്,രഞ്ജിത്ത്,എന്നിവർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കി അകലം പാലിക്കാതെ പ്രയോഗിച്ചതിനെ തുടർന്ന് ജില്ലാ സെക്രട്ടറി ആകാശ്, മണ്ഡലം പ്രസിഡന്റ് ആദർശ്,ജനറൽ സെക്രട്ടറി അരുൺ എന്നിവർക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു.കെ.ആചാരി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL