തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ മന്ത്രിതല യോഗങ്ങളിലടക്കം തീരുമാനങ്ങൾ ഉണ്ടായിട്ടും മണക്കാട്,കമലേശ്വരം,ശ്രീവരാഹം മേഖലയിൽ ജലക്ഷാമത്തിന് പരിഹാരമായില്ല. നേരത്തേ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്ന ഈ പ്രദേശങ്ങളിൽ അടുത്തിടെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ജലവിതരണം വീണ്ടും താളംതെറ്റി.കമലേശ്വരം വാർഡിലെ കൈരളീനഗർ,വലിയവീട് ലെയ്ൻ,എം.എൽ.എ റോഡ് ഉൾപ്പെടെ കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏറെയാണ്. ശ്രീവരാഹം ഭാഗത്തും കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങൾ ഏറെയുണ്ട്.ഏതെങ്കിലും ഒരുപ്രദേശത്ത് വെള്ളം മുടങ്ങിയതായി വാട്ടർ അതോറിറ്റി ഓഫീസിൽ അറിയിച്ചാൽ വാൽവ് ക്രമീകരിച്ച് അവിടെ ജലലഭ്യത ഉറപ്പാക്കും.ഇതോടെ വെള്ളം കിട്ടിയിരുന്ന മേഖലകളിൽ മുടങ്ങും. ആഴ്ചകളായി മണക്കാട് മേഖലയിൽ ഈ രീതിയിൽ ജനങ്ങളെ വലയ്ക്കുകയാണ് ഉദ്യോഗസ്ഥർ.കുര്യാത്തി ഓഫീസിന് കീഴിലാണ് ഈ പ്രദേശങ്ങൾ. ഓഫീസിൽ വിവരം അറിയിച്ചാലും ഓൺലൈൻ വഴി പരാതി രജിസ്റ്റർ ചെയ്താലും ഫലമില്ലാത്ത സ്ഥിതിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. മുമ്പ് ഓൺലൈനായി ലഭിക്കുന്ന പരാതികളുടെ സ്ഥിതി ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കുമായിരുന്നു.ഇപ്പോൾ ഈ സംവിധാനവും കാര്യക്ഷമമല്ല.ടെലഫോൺവഴി പരാതി വിളിച്ചറിയിക്കുന്നവരോട് 'പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന" പതിവ് മറുപടിയാണ് അധികൃതർ നൽകുന്നത്.വെള്ളയമ്പലത്തുനിന്നും എത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവുണ്ടെന്നാണ് ഈ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇത്തരത്തിൽ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പി.എച്ച് ഡിവിഷൻ സൗത്ത് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് പ്രതികരിച്ചത്. ജലക്ഷാമം ജലവിഭവമന്ത്രിയുടെ നേരിട്ട് ബോദ്ധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ കൗൺസിലർമാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |