SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

നോക്കുകുത്തിയായി സമഗ്ര കുടിവെളളപദ്ധതി

a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ കുടിവെളളത്തിനായി കോടികൾ ചെലവഴിച്ച് ആവിഷ്കരിച്ച പദ്ധതികളെല്ലാം വിഫലം. കുടിവെളളത്തിനായി നിത്യേന നെട്ടോട്ടമോടുകയാണ് തീരദേശവാസികൾ. ശുദ്ധജലത്തിനായി പൈപ്പ്‌വെള്ളം മാത്രമാണ് ഏകആശ്രയം. വേനലിൽ ടാങ്കറുകളിൽ വാർഡ് തലത്തിൽ ജലവിതരണം നടത്തിയിരുന്നു. ഇപ്പോൾ അതും നിലച്ചു. വാമനപുരം നദിയിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ആറ്റിങ്ങൽ ജലഅതോറിട്ടിയുടെ നേതൃത്വത്തിലാണ് നിലവിൽ ഇവിടേക്ക് ജലമെത്തിക്കുന്നത്. ഇടയ്ക്കുള്ള ഗ്രാമപഞ്ചായത്തുകളിൽ വൻതോതിൽ വെള്ളമെടുക്കുന്ന സ്ഥിതി വന്നുചേരുന്നത് അഞ്ചുതെങ്ങിലേക്കുള്ള ജലവിതരണത്തിന് തടസം സൃഷ്ടിക്കുക പതിവാണ്. ഇതിനൊരു പരിഹാരമെന്നോണം 2.75 കോടി രൂപ മുടക്കി ത്രിതലപഞ്ചായത്തുകൾ സംയുക്തമായി നിർമ്മിച്ച സമഗ്രകുടിവെളള പദ്ധതിയായ ജലസംഭരണി തീരദേശവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. പദ്ധതി പൂർണ്ണമായും പ്രയോജനപ്പെടുത്തണമെങ്കിൽ പെെപ്പ് ലെെനിട്ട് കമ്മീഷൻ ചെയ്യേണ്ട അവസ്ഥയാണ്. ഇതിനായി ലക്ഷങ്ങൾ ഇനിയും വേണ്ടി വരും. ഇവിടെ ഉദ്ഘാടനം നടന്നതല്ലാതെ ജലവിതരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. കുടിവെളളത്തിനായി ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിർമ്മാണം പാതിവഴിയിൽ

ആറ്റിങ്ങലിൽ നിന്നും നേരിട്ട് ജലസംഭരണിയിൽ വെള്ളമെത്തിച്ച് ശേഖരിച്ച ശേഷം പഞ്ചായത്തിലെട്ടാകെ വിതരണം സുഗമമാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ പെെപ്പ്ലെെൻ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതോടെ പദ്ധതി നിലച്ചു. വർഷങ്ങൾക്ക് മുൻപ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കിയ വാക്കംകുളം പദ്ധതിയും പരാജയമായിരുന്നു. 2025-26 പദ്ധതിയിലുൾപ്പെടുത്തി 5ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എം പൂട്ടിയിരിക്കുകയാണ്. സമീപ പഞ്ചായത്തുകളിലെ ജലം ശേഖരിച്ചും പണംകൊടുത്തു കുപ്പിവെള്ളം വാങ്ങിയുമാണ് ഇവിടത്തുകാർ ദാഹം ശമിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL