SignIn
Kerala Kaumudi Online
Saturday, 20 June 2026 2.39 AM IST

കേസിൽ സാക്ഷി പറയരുതെന്ന് ഭീഷണി; യുവാവിനെ വെട്ടിയ രണ്ടുപേർക്കെതിരെ കേസ്

കഴക്കൂട്ടം: കോടതിയിൽ സാക്ഷി പറയുന്നതിൽ നിന്ന് പിന്മാറണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. സംഭവത്തിൽ ഫാത്തിമാപുരം സ്വദേശികളായ വിനോജ്, ക്ലിന്റൺ എന്നിവർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു. ചിറ്റാറ്റുമുക്ക് ശാസ്താംകോവിലിന് സമീപം 'ശാലോം' വീട്ടിൽ ഫെബിൻ ജേക്കബിനാണ് (37) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഫെബിൻ നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഫെബിനും കൂട്ടുകാരനും കഴക്കൂട്ടത്ത് നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ ചിറ്റാറ്റ്മുക്ക് ജംഗ്ഷന് സമീപത്തുവച്ച് ഇവരുടെ സ്കൂട്ടർ തടഞ്ഞുനിറുത്തി. കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിനോജ് ഫെബിനെ ചീത്തവിളിക്കുകയും ഷർട്ടിൽ കുത്തിപ്പിടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഫെബിന്റെ കൂട്ടുകാരനെ തള്ളിമാറ്റിയ ശേഷം വിനോജ് ഷർട്ടിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തി എടുത്ത് ഫെബിന്റെ തലയ്ക്ക് നേരെ വെട്ടുകയായിരുന്നു. ഫെബിൻ തടഞ്ഞതോടെ കൈയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നു. ​രക്ഷപ്പെടാൻ ശ്രമിച്ച ഫെബിനെ രണ്ടാം പ്രതിയായ ക്ലിന്റൺ വെട്ടുകത്തി ഉപയോഗിച്ച് നടുവിലും കാലിലും വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഫെബിന്റെ മാതാവ് ഡെറിൻ നൽകിയ പരാതിയിൽ കഠിനംകുളം എസ്.ഐ അനൂപ് എം.എല്ലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL